ചിറയിൻകീഴ് താലൂക്ക് അദാലത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു
ജനങ്ങളുടെ നിരവധിയായ പ്രശ്‌നങ്ങളാണ് അദാലത്തിലൂടെ പരിഹരിക്കപ്പെടുന്നതെന്നും ജനങ്ങളുടെ പ്രശ്‌നപരിഹാരത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. കരുതലും കൈത്താങ്ങും ചിറയിൻകീഴ് താലൂക്ക് തല അദാലത്ത് ആറ്റിങ്ങൽ മാമം പൂജ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മന്ത്രിമാരും ജനപ്രതിനിധികളും ജനങ്ങളുടെ അടുത്തെത്തി പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കുകയും അതിന് പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു. ഈ ജനസൗഹൃദ അന്തരീക്ഷം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. അദാലത്തിൽ ഓൺലൈനായി സമർപ്പിച്ച അപേക്ഷകൾക്ക് പുറമേ നിരവധി അപേക്ഷകളാണ് പൊതുജനങ്ങൾ അദാലത്ത് വേദികളിൽ നേരിട്ട് സമർപ്പിക്കുന്നത്. ഇത് അദാലത്തിനോടുള്ള ജനങ്ങളുടെ വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അദാലത്തിലെത്തുന്ന അപേക്ഷകൾക്ക് സമയബന്ധിതമായി പരിഹാരം കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥർ നടത്തുന്ന കഠിനമായ പരിശ്രമങ്ങൾ അഭിനന്ദനം അർഹിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി സന്നിഹിതനായിരുന്നു. ഒ.എസ് അംബിക എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.ശശി എം.എൽ.എ മുഖ്യാതിഥി ആയിരുന്നു.
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ, ജില്ലാ കളക്ടർ അനുകുമാരി, എഡിഎം ടി.കെ വിനീത്, ഡെപ്യൂട്ടി കളക്ടർ എൽ.എ ജേക്കബ് സഞ്ജയ് ജോൺ എന്നിവരും പങ്കെടുത്തു.