ആറ്റിങ്ങൽ : ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊല്ലമ്പുഴ മുതൽ കോരാണി വരെയുള്ള വിവിധ സ്ഥലങ്ങളിലെ ആട്ടോറിക്ഷ സ്റ്റാന്റുകൾ കേന്ദ്രീകരിച്ചും, കോളേജ് – ഐടിഐ വിദ്യാർത്ഥികൾക്കും ഫോൺ മുഖേന ഓർഡർ സ്വീകരിച്ച് മയക്ക് മരുന്ന് കച്ചവടം നടത്തി വരുന്ന പ്രതി ആറ്റിങ്ങൽ പോലീസിന്റെ പിടിയിലായി.
കീഴാറ്റിങ്ങൽ മുള്ളിയൻകാവ് ക്ഷേത്രത്തിന് സമീപം ലക്ഷ്മി ഭവൻ വീട്ടിൽ മനോജ്( 45) ആണ് പിടിയിലായത്. ആറ്റിങ്ങൽ കരിച്ചിയിൽ സ്വദേശിനിയായ അധ്യാപികയുടെ മകൻ അടുത്ത കാലത്ത് മയക്ക് മരുന്ന് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യപിക, ആറ്റിങ്ങൽ പോലീസിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിൽ നിന്നും മാരക മയക്ക് മരുന്നായ 2.5 ഗ്രാം എംഡിഎംഎ , 70 ഗ്രാം കഞ്ചാവ് എന്നിവ കൈരളി ജംഗ്ഷനിൽ വച്ച് കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഒരു ദിവസം ശരാശരി 25000/- രൂപയുടെ മയക്ക് മരുന്ന് പ്രതി ചില്ലറ വ്യാപാരം നടത്തി വരുന്നു. പ്രതിയിൽ നിന്നും മയക്ക് മരുന്ന് തൂക്കി നൽകാനുപയോഗിക്കുന്ന ത്രാസും പോലീസ് പിടിച്ചെടുത്തു.
ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്എച്ച്ഒ ഗോപകുമാർ. ജി, എസ്ഐമാരായ ജിഷ്ണു എം.എസ്, ബിജു എ ഹക്ക്, എഎസ്ഐ രാധാകൃഷ്ണൻ, എസ്. സി. പി. ഒമാരായ അനിൽകുമാർ, പ്രശാന്തകുമാരൻ നായർ, നിധിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.