ഇടവ : കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവിന്റെ കാൽ പാറക്കെട്ടിൽ കുടുങ്ങി അപകടം. ഞായറാഴ്ച വൈകിട്ട് 5.15 ഓടെ ഇടവ മാന്തറ മലപ്പുറം പള്ളിക്ക് സമീപം ബീച്ചിൽ ചൂണ്ടയിടാൻ ഇറങ്ങിയ താഴെവെട്ടൂർ ലക്ഷ്മിനിവാസിൽ വിജിൽ(37) ആണ് അപകടത്തിൽ പ്പെട്ടത്. തീരസംരക്ഷണത്തിനായി പാരുകൾക്ക് സമീപം തീരത്ത് നിക്ഷേപിച്ചിട്ടുളള പാറക്കല്ലുകൾക്ക് മുകളിൽ നിന്ന് ചൂണ്ടയിടുമ്പോൾ നിലതെറ്റിവീണ വിജിലിന്റെ കാൽ പാറക്കല്ലുകൾക്കിടയിൽ കുടുങ്ങിയതോടൊപ്പം തെന്നിമാറിയ പാറകല്ല് പതിക്കുകയും ചെയ്തു. വർക്കല ഫയർ ഫോഴ്സെത്തി ഇരുമ്പ് കമ്പി പാര ഉപയോഗിച്ച് പാറക്കല്ലുകൾ നീക്കി യുവാവിനെ രക്ഷപ്പെടുത്തി.
വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ച യുവാവിന് കാലിന് സാരമായ പരിക്കുളളതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.