പാലിയേറ്റീവ് കെയർ മേഖലയിൽ നവീനമായ ആശയത്തിന് തുടക്കമിട്ട് അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്. നിർധനരായ വൃക്കരോഗികൾക്ക് ഡയലൈസറും അനുബന്ധഉപകരണങ്ങളും നൽകുന്ന പദ്ധതി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അിൽ ഉദ്ഘാടനം ചെയ്തു.
നിരവധി നൂതനമായ വികസനക്ഷേമ പ്രവർത്തനങ്ങളാണ് അണ്ടൂർക്കോണം ഗ്രമപഞ്ചായത്ത് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മറ്റ് പഞ്ചായത്തുകൾക്കും മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളും പദ്ധതികളുമാണ് അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റേതെന്നും പാലിയേറ്റീവ് കെയർ മേഖലയിൽ പഞ്ചായത്തിന്റെ ഇടപെടലുകൾ പ്രശംസനീയമാണെന്നും മന്ത്രി അറിയിച്ചു.
ആലുംമൂട് ഗവൺമെന്റ് എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 14 ഡയാലിസിസ് രോഗികൾക്കാണ് 1200 രൂപ വില വരുന്ന ഡയലൈസറും അനുബന്ധ ഉപകരണങ്ങളും മന്ത്രി നൽകിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഡയലൈസർ നൽകുന്ന പദ്ധതി ഒരു ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കുന്നത്.
ഇതോടൊപ്പം ആതുരാവസ്ഥയിലുള്ളവർക്ക് ആശ്വാസമാകുകയെന്ന സന്ദേശമുയർത്തി പാലിയേറ്റീവ് സാന്ത്വനസംഗമവും മന്ത്രി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പാലിയേറ്റീവ് രോഗികളും കുടുംബാംഗങ്ങളും ഉൾപ്പെടെ 150തോളം പേർ രോഗീ-ബന്ധു കുടുംബ സംഗമത്തിൽ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹരികുമാർ അധ്യക്ഷനായ ചടങ്ങിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.സോമൻ, ജില്ലാ പഞ്ചായത്തംഗം ഉനൈസ അൻസാരി, ബ്ലോക്ക് -ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവരും പങ്കെടുത്തു.