രാജ്യത്തെ ആദ്യത്തെ പരമ്പരാഗത വൈദ്യ ഗവേഷണ കേന്ദ്രം അരുവിക്കര മണ്ഡലത്തിലെ കോട്ടൂരിൽ സ്ഥാപിക്കും: മന്ത്രി വീണാ ജോർജ്

IMG-20241219-WA0015

രാജ്യത്തെ ആദ്യത്തെ പരമ്പരാഗത വൈദ്യ ഗവേഷണ കേന്ദ്രം അരുവിക്കര മണ്ഡലത്തിലെ കോട്ടൂരിൽ സ്ഥാപിക്കാൻ തീരുമാനമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആയുഷ് മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 24 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളില്‍ 14.05 കോടി രൂപ ചിലവഴിച്ചുള്ള വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂരിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ. ട്രെഡിഷണൽ മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കേരളയ്ക്ക് 15 കോടി രൂപ ഭരണാനുമതിക്കായി കൊടുത്തിട്ടുണ്ട്. സ്ഥലം ലഭിക്കുന്നത് അനുസരിച്ചു ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണം ആരംഭിക്കും. ട്രൈബൽ മെഡിക്കൽ മൊബൈൽ യൂണിറ്റും കോട്ടൂരിൽ സ്ഥാപിക്കുമെന്നു മന്ത്രി അറിയിച്ചു.

2025ൽ വിതുര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് പ്രവർത്തന സജ്ജമാക്കും. കുറ്റിച്ചലിലെ സെറ്റിൽമെന്റ് പ്രദേശങ്ങളിലെ ഗർഭിണികളായ സ്ത്രീകൾക്കായി അമ്മവീടുകൾ നിർമ്മിക്കും. ആയുഷ് മേഖലയിൽ ആയുർവേദ രംഗത്ത് 150 ഡോക്ടർമാരുടെ തസ്തിക സൃഷ്ടിച്ചു. ഹോമിയോ വകുപ്പിലും 40 ഡോക്ടർമാരുടെ തസ്തിക രൂപീകരിച്ചു. കണ്ണൂരിലെ രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.

22 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളില്‍ വിവിധ നിര്‍മ്മാണ പ്രവൃത്തികളുടെ ശിലാസ്ഥാപനവും 2 ഇടങ്ങളില്‍ പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനവുമാണ് നിര്‍വഹിച്ചത്. ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലുള്ള 3 ആശുപത്രികള്‍, 9 ഡിസ്‌പെന്‍സറികള്‍, ഹോമിയോപ്പതി വകുപ്പിന്റെ ഒരു ആശുപത്രി, 8 ഡിസ്‌പെന്‍സറികള്‍, ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തൃപ്പൂണിത്തുറ, കണ്ണൂര്‍ ആയുര്‍വേദ കോളേജുകള്‍ എന്നിവിടങ്ങളില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമാണ് നടന്നത്. തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജില്‍ 1.4 കോടി രൂപയുടെ പുതിയ ഒ.പി ബ്ലോക്കിന്റെ നിര്‍മ്മാണവും കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ 2.6 കോടി രൂപയുടെ പുതിയ ഇ.എന്‍.ടി ബ്ലോക്കിന്റെ നിര്‍മ്മാണവുമാണ് നടക്കുന്നത്.

ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലുള്ള തൊടുപുഴ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയോടനുബന്ധിച്ചുള്ള സ്‌പോര്‍ട്‌സ് ആയുര്‍വേദ ബ്ലോക്കും ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ പാങ്ങോട് സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറിയിലെ പുതിയ കെട്ടിടവുമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമാകുന്നത്.

പുതിയ ഒ.പി. കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്ന തിരുവനന്തപുരം കോട്ടൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ വച്ച് നടത്തിയ സംസ്ഥാനതല ഉദ്ഘാടനത്തില്‍ ആരോഗ്യ മന്ത്രി നേരിട്ടും ബാക്കിയുള്ള 23 ഇടങ്ങളില്‍ ഓണ്‍ലൈനായും പങ്കെടുത്തു.

ജി. സ്റ്റീഫന്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ.ഡി. സജിത്ത് ബാബു, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ എസ്, കുറ്റിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠന്‍, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.എസ് പ്രിയ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ റ്റി.ടി ശ്രീകുമാർ,
ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!