ആറ്റിങ്ങൽ: ക്രിസ്മസ് അവധിക്കാലത്തും അവധി ഒഴിവാക്കി നാട്ടിൽ ബോധവൽക്കരണവുമായി സ്കൂൾ കുട്ടികൾ. വക്കം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗവും അമൃത് മിഷനും ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘവും സംയുക്തമായാണ് ആറ്റിങ്ങൽ കച്ചേരി നടയിൽ ബോധവൽക്കരണവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചത്.
സ്കൂളിലെ ഒന്നാം വർഷ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് വിദ്യാർത്ഥികൾ ആണ് ജലം ജീവിതം എന്ന തെരുവ് നാടകവുമായി അരങ്ങിലെത്തിയത്. ജലസംരക്ഷണത്തിന്റെ പ്രാധാന്യവും മലിന ജലസംസ്കരണവും വിഷയമാക്കിയാണ് തെരുനാടകം അവതരിപ്പിച്ചത്. അമൂല്യമായ ജലസ്രോതസ്സുകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വിദ്യാർത്ഥികൾ സമൂഹത്തിന് സന്ദേശം നൽകി. ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണസംഘം പ്രസിഡൻറ് ഇളമ്പ ഉണ്ണികൃഷ്ണൻ, സെക്രട്ടറി രതീഷ് രവീന്ദ്രൻ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ എം ഷിമി, പ്രോഗ്രാം ഓഫീസർ ജയകുമാർ എന്നിവർ സംസാരിച്ചു. കുട്ടികൾ ആറ്റിങ്ങൽ കച്ചേരി നടയിൽ കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമിട്ടു. നാട്ടുകാരും വിദ്യാർത്ഥികൾക്ക് ഒപ്പം ആഘോഷങ്ങളിൽ പങ്കാളികളായി.