തിരുവനന്തപുരം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമാണല്ലോ പൊന്മുടി, ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന പൊന്മുടി കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഞ്ചരികൾ എത്താറുണ്ടെന്ന് മാത്രമല്ല ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നൊക്കെ പൊന്മുടിയുടെ സൗന്ദര്യം നേരിൽ കാണാൻ സഞ്ചാരികൾ എത്തുന്നുണ്ട്.
ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിലും പൊന്മുടിയിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ആയിരക്കണക്കിന് സഞ്ചാരികളാണ് പൊൻമുടിയിലേക്ക് ഒഴുകിയെത്തിയത്. അവധിക്കാലം ആരംഭിച്ചതോടെ പൊതുവെ തിരക്ക് അനുഭവപ്പെട്ടെങ്കിലും ഈ വർഷത്തെ ഏറ്റവും വലിയ തിരക്കാണ് ക്രിസ്മസ് ദിനത്തിൽ മാത്രമുണ്ടായത്. അപ്പർസാനിറ്റോറിയവും പരിസരവും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു ക്രിസ്മസ് തിരക്ക് മുൻനിറുത്തി കെ.എസ്.ആർ.ടി.സി പൊൻമുടിയിലേക്ക് സ്പെഷ്യൽ സർവീസുകൾ നടത്തിയിരുന്നു. അത്രത്തോളം പൊന്മുടിയെ സഞ്ചരികൾ ഇഷ്ടപ്പെടുന്നു. വനംവകുപ്പിനും പാസ് ഇനത്തിൽ ലക്ഷങ്ങളുടെ വരുമാനം ലഭിച്ചു.
എന്നാൽ ഇത്രത്തോളം സഞ്ചാരികൾ വന്നു പോകുന്ന തലസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രത്തിൽ ആളുകൾ ഭക്ഷണത്തിനും വെള്ളത്തിനുമായി വലഞ്ഞു എന്ന് പറയേണ്ടി വരുന്നത് തന്നെ ഖേദകരമായ കാര്യമാണ്. അതിനുള്ള സൗകര്യങ്ങൾ ഇനിയും ഇവിടെ ഉണ്ടാകുന്നില്ലെന്നത് സഞ്ചാരികളിൽ അത്ഭുതവും അമർഷവും ഉണ്ടാക്കുന്നു.
മാത്രമല്ല, മൂന്ന് കിലോമീറ്റർ വരെ വാഹനങ്ങളുടെ നീണ്ടനിരതന്നെയുണ്ടായിരുന്നു. പൊൻമുടി കല്ലാർ റൂട്ടിൽ രൂപപ്പെട്ട ഗതാഗത കുരുക്ക് വിതുര വരെ നീണ്ടു. പൊൻമുടി പൊലീസും വനംവകുപ്പും ഏറെ പണിപ്പെട്ടാണ് സഞ്ചാരികളെ നിയന്ത്രിച്ചത്. പൊൻമുടിയിൽ സഞ്ചാരികൾ മണിക്കൂറുകളോളം ബസ്‌കാത്തുനിൽക്കേണ്ടിവന്നു. ഏറെ വൈകിയും ബസ് കിട്ടാതെ പൊൻമുടിയിൽ കുടുങ്ങിയ സഞ്ചാരികളെ രാത്രിയോടെ ഡിപ്പോയിൽനിന്നും ബസ് അയച്ച് നെടുമങ്ങാട് എത്തിട്ടു.
പൊന്മുടിയിൽ മാത്രമല്ല, പൊന്മുടിയോട് അടുത്ത് കിടക്കുന്ന ബോണക്കാട്, കല്ലാർ, പേപ്പാറ ടൂറിസം മേഖലകളിലും സഞ്ചാരികളുടെ തിരക്കേറിവരികയാണ്. ഇനി ന്യൂ ഇയർ വരെ തിരക്ക് തുടരും. പൊൻമുടിയിൽ നടത്തുന്ന വികസനപ്രവർത്തനങ്ങളുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പൊൻമുടി മെർക്കിസ്റ്റൻ എസ്റ്റേറ്റിന് സമീപത്തായി നവീകരിച്ച ക്യാമ്പ് ഷെഡിന്റെയും (റെസ്റ്റ് ഹൗസ്) ഇതിനോടനുബന്ധിച്ച് പുതുതായി ആരംഭിക്കുന്ന കഫറ്റേരിയയുടെയും ഉദ്ഘാടനം 31ന് വൈകിട്ട് 3.30ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ക്യാമ്പ്ഷെഡും ഗസ്റ്റ് ഹൗസും പ്രവർത്തനം ആരംഭിക്കുന്നത് സഞ്ചാരികൾക്ക് ഗുണകരമാകും