കല്ലമ്പലത്തെ പൊട്ടിപ്പൊളിഞ്ഞ ഓടകൾ അപകട ഭീഷണിയാകുന്നു 

IMG_20241228_115135

തിരുവനന്തപുരം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രമാണ് കല്ലമ്പലം. വിദേശികൾ ഉൾപ്പെടെ ധാരാളം പേർ വിനോദ സഞ്ചാര കേന്ദ്രമായ വർക്കലയിലേക്ക് പോകുന്നതും കല്ലമ്പലം വഴിയാണ്. മാത്രമല്ല തിരുവനന്തപുരം കൊല്ലം ദേശീയ പാതയിലെ ഒരു നാലുമുക്ക് ജംഗ്ഷൻ കൂടിയാണ് കല്ലമ്പലം. ഒറ്റൂർ, കരവാരം, നാവായിക്കുളം പഞ്ചായത്തുകൾ സംഗമിക്കുന്ന കല്ലമ്പലത്ത് ദിവസവും ആയിരക്കണക്കിന് ആളുകളാണ് വന്നു പോകുന്നത്. എന്നാൽ കല്ലമ്പലത്തെ പരാതികൾക്കും പരിഭവങ്ങൾക്കും പരിഹാരമുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

കല്ലമ്പലത്തും പരിസരത്തും പൊട്ടിപ്പൊളിഞ്ഞ ഓടകൾ അപകട ഭീഷണിയാകുന്നു. കല്ലമ്പലം ജംഗ്ഷനിലെ പ്രധാന റോഡ് വശത്തെയും വർക്കല റോഡിന്റെയും ഓടയുടെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കാൽനട യാത്രക്കാർ കൂടുതലും സഞ്ചരിക്കുന്നത് ഓടകൾക്ക് മുകളിലെ സ്ലാബിലൂടെയാണ്. കഴിഞ്ഞ ദിവസം വയോധികയുടെ കാൽ ഓടയിലകപ്പെട്ട് പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ ആഴ്ച അമ്മയോടൊപ്പം പോയ കുഞ്ഞിന്റെ വലത് കാൽ ഓടയിൽ അകപ്പെട്ടിരുന്നു. കുട്ടിയായതിനാൽ പെട്ടെന്ന് കാൽ വലിച്ചെടുക്കാൻ കഴിഞ്ഞു. മാസങ്ങൾക്ക് മുൻപ് ശക്തമായ മഴയത്ത് വിദ്യാർത്ഥിയുടെ കാൽ ഓടയിൽ കുടുങ്ങിയ സംഭവത്തിൽ സ്ലാബ് പൊട്ടിച്ചാണ് കാൽ പുറത്തെടുത്തത്. ഓടയിലകപ്പെട്ടുള്ള അപകടങ്ങൾ തുടർന്നിട്ടും യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന റോഡിലെ ഓടകളാണ് കൂടുതലും അപകടഭീഷണിയാകുന്നത്. ഇതു സംബന്ധിച്ച് വ്യാപാരികൾ ബന്ധപ്പെട്ടവരെ പലവട്ടം വിവരമറിയിച്ചിട്ടും തിരിഞ്ഞുനോക്കിയില്ലെന്നാണ് പരാതി. ഒടുവിൽ വ്യാപാരികൾ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് പൊളിഞ്ഞ ഭാഗത്ത് കല്ലും കട്ടയും വയ്ക്കേണ്ട സ്ഥിതിയായി.

മേൽമൂടിയായ സ്ലാബ് പൊളിഞ്ഞതോടെ ദുർഗന്ധം പരക്കുന്നുവെന്നും പരാതിയുണ്ട്. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി വർഷങ്ങൾക്ക് മുൻപ് ഓടകളുടെ മേൽമൂടി മാറ്റി വൃത്തിയാക്കുന്നത് പതിവായിരുന്നെങ്കിലും ഏതാനും വർഷങ്ങളായി ഇതും നടക്കുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.തിരക്കേറിയ ജംഗ്ഷനിലെ ഓടകൾ മൂടിയിട്ട്‌ സൂക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!