തിരുവനന്തപുരം : ചിറയിൻകീഴ്, അഴൂർ, കഠിനംകുളം ഗ്രാമപഞ്ചായത്തുകൾ വിഭജിച്ച് പെരുമാതുറ പഞ്ചായത്ത് രൂപീകരിക്കണമെന്നാവിശ്യപ്പെട്ട് പെരുമാതുറ കോഡിനേഷൻ കമ്മിറ്റി ഹൈകോടതിയിൽ നൽകിയ ഹർജിയിൽ സർക്കാറിനും ഡിലീമിറ്റേഷൻ കമ്മീഷനും ഹൈകോടതി നോട്ടീസ് അയച്ചു. ജനുവരി 14 ന് ഹർജി വീണ്ടും ഹൈകോടതി പരിഗണിക്കും. കോഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ അഡ്വ തോപ്പിൽ നിസാർ, ഫസിൽ ഹഖ്, സജീബ് കെ ഇസഡ് എന്നിവർ അഡ്വ മുഹമ്മദ് ഷാ മുഖേന നൽകിയ ഹർജിലാണ് ഹൈകോടതി നോട്ടീസ് നൽകിയത്.
സർക്കാറിനോടും ഡിലീമിറ്റേഷൻ കമ്മീഷനോടും ഇതുസംബന്ധിച്ച വിശദീകരണം നൽകാനും ഹൈകോടതി നിർദ്ദേശിച്ചു. ഇതിന് പുറമേ തെരഞ്ഞെടുപ്പ് കമ്മീഷനും, ജില്ലാ കളക്ടർക്കും, മൂന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിന്മാർക്കും ഹൈകോടതി നോട്ടീസ് നൽകിയിട്ടുണ്ട്.
ചിറയിൻകീഴ്, അഴൂർ, കഠിനംകുളം ഗ്രാമപഞ്ചായത്തുകളുടെ തീരദേശ വാർഡുകൾ കേന്ദ്രീകരിച്ച് 2015-ൽ പെരുമാതുറ ഗ്രാമപഞ്ചായത്ത് രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. 2011 ലെ സെൻസസിൻ്റെ അടിസ്ഥാനത്തിൽ യു.ഡി.എഫ് സർക്കാർ 69 പഞ്ചായത്തുകളാണ് രൂപീകരിച്ചത്. പിന്നീട് ഹൈകോടതി ഇടപ്പെടൽ മൂലം റദ്ദാക്കുകയും ചെയ്തു. അന്ന് റദ്ദാക്കപ്പെട്ട പെരുമാതുറ ഗ്രാമപഞ്ചായത്ത് അടിയന്തരമായി രൂപീകരിക്കണമെന്നും അതിന് ശേഷം മാത്രമേ ചിറയിൻകീഴ്, അഴൂർ, കഠിനംകുളം പഞ്ചായത്തുകളുടെ വാർഡ് വിഭജനം നടത്തുവാൻ പാടുള്ളൂവെന്നുമാണ് ഹർജിയിൽ പറയുന്നത്.
കഠിനംകുളം, അഴൂർ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തുകളുടെ തീരദേശ വാർഡുകളായ ചേരമാൻതുരുത്ത്, വടക്കേ വിള, താമരകുളം, മുണ്ടൻചിറ, പുതുക്കുറിച്ചി വെസ്റ്റ്, പുതുക്കുറിച്ചി നോർത്ത്, ഒറ്റപ്പന നോർത്ത്, ഒറ്റപ്പന സൗത്ത്, പെരുമാതുറ സിറ്റി, പെരുമാതുറ , പൊഴിക്കര, മാടൻവിള , കോട്ടാരം തുരുത്ത് എന്നിവ ഉൾപ്പെടുത്തിയാണ് പെരുമാതുറ പഞ്ചായത്ത് രൂപവൽകരിക്കാൻ ലക്ഷ്യമിട്ടത്. 10 ചതുരശ്ര കിലോമീറ്ററിൽ 13 വാർഡുകളാണ് വിഭാവനം ചെയ്തിരുന്നത്. പതിറ്റാണ്ടുകളുടെ തീരദേശ ജനതയുടെ സ്വപ്നം യാഥാത്ഥ്യമാകാൻ ഹൈകോടതിയിൽ നിന്നും അനുകൂലവിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തീരദേശവാസികൾ.