അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാച്ചെലവ് കുട്ടികളില്‍ നിന്ന് ഈടാക്കാൻ പാടില്ല

eiRJL1649544

സ്കൂളുകളിലെ പഠനയാത്രയില്‍ വിദ്യാർഥികള്‍ക്ക് അകമ്പടിയായി പോകുന്ന അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാച്ചെലവ് കുട്ടികളില്‍ നിന്ന് ഈടാക്കാൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പിന്റെ സർക്കുലർ.

പഠനയാത്രകള്‍ക്ക് എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായ രീതിയില്‍ തുക നിശ്ചയിക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ ഷാനവാസ്.എസ് ഒപ്പിട്ട സർക്കുലർ വ്യക്തമാക്കുന്നു. ചൊവ്വാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്.

നിലവിലെ നിർദേശങ്ങള്‍ക്ക് വിരുദ്ധമായി പഠനയാത്രകള്‍ സംഘടിപ്പിക്കുന്നതും യാത്രാച്ചെലവായി വൻതുക നിശ്ചയിക്കുന്നതിനാല്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പങ്കെടുക്കാൻ കഴിയാതെ മാനസിക പ്രയാസം ഉണ്ടാവുന്നതുമായി നിരവധി പരാതികള്‍ വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇതു കൂടാതെ, സ്കൂളുകളില്‍ ജീവനക്കാരുടേയും വിദ്യാർഥികളുടേയും മറ്റും ജന്മദിനാഘോഷം പോലുള്ള വ്യക്തിപരമായ കാര്യങ്ങളില്‍ ആഘോഷം സംഘടിപ്പിക്കുകയും സമ്മാനങ്ങള്‍ നല്‍കാൻ കുട്ടികളെ നിർബന്ധിതമാക്കുന്നതുമായ സാഹചര്യവുമുണ്ട്. സമ്മാനം കൊണ്ടുവരാത്ത കുട്ടികളെ വേർതിരിച്ചു നിർത്തുന്ന പ്രവണതയും ശ്രദ്ധയില്‍ പെട്ടിട്ടുള്ളതായി സർക്കുലർ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.

പണമില്ല എന്ന കാരണത്താല്‍ സ്കൂളിലെ ഒരു കുട്ടിയെപ്പോലും പഠനയാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കാൻ പാടില്ല. ഏതെങ്കിലും കുട്ടിയെ സൗജന്യമായി പഠനയാത്രയില്‍ പങ്കെടുപ്പിക്കുന്ന പക്ഷം ആ വിവരം മറ്റു കുട്ടികള്‍ അറിയാതിരിക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം. സ്കൂളുകളില്‍ ജീവനക്കാരുടേയും വിദ്യാർഥികളുടേയും ജന്മദിനം പോലുള്ള ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. സാമ്ബത്തികബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങള്‍ പരമാവധി ഒഴിവാക്കണം. ഇത്തരം ആഘോഷം സംഘടിപ്പിച്ചാല്‍ അതിന്റെ സാമ്ബത്തികബാധ്യത കുട്ടികള്‍ക്കോ രക്ഷിതാക്കള്‍ക്കോ ഉണ്ടാകാതിരിക്കാൻ സ്കൂള്‍ അധികാരികള്‍ ശ്രദ്ധിക്കണം- ഉത്തരവ് പറയുന്നു.

ഈ നിർദേശങ്ങള്‍ സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. തുടങ്ങി മറ്റ് ഇതര ബോർഡുകളില്‍ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും ബാധകമാണെന്നും സർക്കുലറില്‍ പറയുന്നുണ്ട്.

സ്കൂളുകളിലെ പഠനയാത്ര നടത്തുന്നത് സംബന്ധിച്ച്‌ സർക്കാർ മുമ്ബു നല്‍കിയ മാർഗനിർദ്ദേശങ്ങള്‍ പലപ്പോഴും ലംഘിക്കപ്പെടുന്നുണ്ട്. പതിനഞ്ച് വിദ്യാർഥികള്‍ക്ക് ഒരു അധ്യാപകൻ/ അധ്യാപിക ഉണ്ടാവണമെന്നാണ് ചട്ടം. യാത്രയുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വാഹനത്തിന്റെ വിശദാംശങ്ങള്‍ (ഇൻഷൂറൻസ്, ഫിറ്റ്നസ്, പെർമിറ്റ്), ഡ്രൈവറുടെ ലൈസൻസ് തുടങ്ങിയ കാര്യങ്ങള്‍ പ്രധാനാധ്യാപിക സാക്ഷ്യപ്പെടുത്തി നല്‍കുകയും വേണം.

പഠനയാത്രയ്ക്ക് പി.ടി.എ തീരുമാനം, കുട്ടികളുടെ രക്ഷിതാക്കളുടെ സമ്മതപത്രം എന്നിവ ഉണ്ടാവണം. പ്രധാനാധ്യാപകർ അതു സംബന്ധിച്ച്‌ സത്യവാങ്മൂലം നല്‍കണം. രാത്രിയാത്ര പാടില്ല. യാത്ര കഴിഞ്ഞുവന്നാല്‍ വിശദമായ ടൂർ റിപ്പോർട്ട് നല്‍കുകയും വേണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!