കണിയാപുരത്ത് ആധുനിക പൊതുശ്മശാനം ‘പ്രശാന്തി’

IMG-20250103-WA0017

പൊതുജനാരോ​ഗ്യ സമ്പ്രദായത്തിനുവേണ്ടി ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും കേരളത്തിലാണ് ഇന്ത്യയിൽ ഏറ്റവും ആയുർദൈർഘ്യമുള്ളതെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആധുനിക സംവിധാനങ്ങളോടു കൂടി അണ്ടൂർക്കോണം പഞ്ചായത്തിലെ കണിയാപുരത്ത് ‘പ്രശാന്തി’ എന്ന പേരിൽ പ്രവർത്തനമാരംഭിക്കുന്ന പൊതുശ്മശാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാഥമികാരോ​ഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെ കേരളത്തിൽ എല്ലാ സജ്ജീകരണങ്ങളും ഉണ്ട്. ഒരു കുഞ്ഞ് ജനിച്ചുവീഴുന്നതു മുതൽ ഭരണസംവിധാനത്തിന്റെ ശ്രദ്ധ തുടങ്ങുന്നു. ആശുപത്രി ചെലവ് കുറയ്ക്കുന്നതിനും ശ്രമിക്കുന്നു. 60 വയസ്സിന് മുകളിലുള്ളവരാണ് കേരളത്തിൽ വോട്ടർപട്ടികയിൽ കൂടുതലുള്ളത്. പണ്ട് കാലങ്ങളിൽ ലഭ്യമാകാതിരുന്ന ചികിത്സകളും മരുന്നുകളും ഇന്നുണ്ട്.

നമ്മെ വിട്ടുപിരിയുന്നവരെ സംസ്കരിക്കുന്നതിന് സംവിധാനങ്ങൾ ഇല്ലാത്തത് ഇന്ത്യയിൽ മാത്രമല്ല കേരളത്തിലും ബുദ്ധിമുട്ട് ഉയർത്തുന്നു. കേരളത്തിൽ പൊതുശ്മശാനങ്ങൾ നിർമിക്കുന്നതിന് ഭൂമി ലഭിക്കാത്തത് വലിയ വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.

ആധുനിക സംവിധാനങ്ങൾക്കൊപ്പം മരണാനന്തര സൗകര്യങ്ങൾക്ക് മികച്ച സൗകര്യങ്ങളും മനോഹരമായ പൂന്തോട്ടവും കണിയാപുരത്തെ പൊതുശ്മശാനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഒരു കോടി 85 ലക്ഷം രൂപ ചെലവിട്ടാണ് ശ്മശാനത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇതുവരെ നാല് പൊതുശ്മശാനങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. വിതുരയിലെ ശ്മശാനത്തിന്റെ നിർമാണം പുരോ​ഗമിക്കുകയാണ്.

ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ത്രിതല പഞ്ചായത്ത് അം​ഗങ്ങൾ, സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!