ആറ്റിങ്ങലിൽ യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി. ഗുരുതര പരിക്കേറ്റ യുവാവ് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ.
ആറ്റിങ്ങൽ ചെമ്പൂർ സ്വദേശി നിഖിൽ ആണ് ചികിത്സയിൽ കഴിയുന്നത്. ഡിസംബർ 31 ന് രാത്രി പത്തിനും പത്തരയ്ക്കും ഇടയിലായിരുന്നു സംഭവം.
വീടിന് അടുത്ത് താമസിക്കുന്ന സുഹൃത്തായ അഖിലിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനായി പോയതായിരുന്നു നിഖിൽ. സുഹൃത്തിന്റെ വീട്ടിൽ എത്തിയ സമയം അഖിലിന്റെ അച്ഛൻ മദ്യപിച്ച് ബഹളം ഉണ്ടാക്കുകയായിരുന്നുവത്രെ. തുടർന്ന് അഖിലും അച്ഛനും തമ്മിൽ ഉന്തും തള്ളും നടന്നുവെന്നും നിഖിൽ ഇരുവരെയും പിടിച്ചു മാറ്റുകയും പിന്നീട് റോഡിൽ വന്നു നിൽക്കുകയും ചെയ്തുവെന്നും പറയുന്നു.
വാക്കേറ്റവും ഉന്തും തള്ളും നടന്നതിന് ദൃക്സാക്ഷി നിഖിൽ ആണെന്നും പോലീസ് വരുമ്പോൾ നീ സാക്ഷി പറയണം എന്നും അഖിലിന്റെ അച്ഛൻ പറഞ്ഞുവെന്നും തുടർന്ന് ഈ വിഷയം അറിഞ്ഞെത്തിയ ആറ്റിങ്ങൽ പോലീസ് റോഡിൽ നിൽക്കുകയായിരുന്നു നിഖിലിനെ ഒരു കാരണവും കൂടാതെ മർദ്ദിച്ചു എന്നാണ് പരാതി.
നിഖിലിന്റെ ദേഹമാസകലം അടിയേറ്റ പാടുകളും കൈക്ക് പൊട്ടലുമുണ്ട്. കണ്ടാൽ അറിയുന്ന അഞ്ചോളം പോലീസുകാർ ചേർന്നാണ് നിഖിലിനെ മർദ്ദിച്ചത് എന്നാണ് പരാതി.
ഇരട്ടകളായ ഒരു വയസ്സുള്ള രണ്ടു കുട്ടികളുടെ അച്ഛനാണ് നിഖിൽ. അമ്മ ഉൾപ്പെടെയുള്ളവർ വാടകവീട്ടിലാണ് കഴിയുന്നത്. ഡിസ്കിന് പ്രശ്നമുള്ള നിഖിൽ നേരത്തെ തന്നെ ചികിത്സയിലാണ്.
അമ്മ ജയ ആറ്റിങ്ങൽ എസ് എച്ച് ഓ ക്ക് പരാതി നൽകി. എന്നാൽ തുടർനടപടികൾ ഒന്നും ഉണ്ടായിട്ടില്ല എന്നും മുഖ്യമന്ത്രി, മറ്റ് ഉന്നത പോലീസ് മേധാവികൾ തുടങ്ങിയവർക്കും പരാതി നൽകുമെന്ന് കുടുംബം പറഞ്ഞു. തന്റെ മകൻ മദ്യപാനി അല്ല എന്നും ഒരു പെറ്റി കേസ് പോലും ഇതുവരെയും ഉണ്ടായിട്ടില്ല എന്നും അമ്മ പറയുന്നു.