ആറ്റിങ്ങൽ :മേലാറ്റിങ്ങലിൽ വീട്ടിൽ സ്ഫോടക വസ്തു എറിഞ്ഞ് ബസ് അടിച്ച് തകർത്ത കേസിൽ പ്രതികൾ അറസ്റ്റിൽ. ഇക്കഴിഞ്ഞ ജനുവരി 1 ന് ആലംകോട് മേലാറ്റിങ്ങൽ ശിവക്ഷേത്രത്തിന് സമീപം കാർത്തിക വീട്ടിൽ ശ്രീജിത്തിൻ്റെ വീട്ടിൽ സ്ഫോടക വസ്തു എറിഞ്ഞ് വീടിനും ബസിനും 1,25,000 രൂപയുടെ നാശനഷ്ടം വരുത്തിയ കേസിലെ പ്രതികളാണ് അറസ്റ്റിലായത്.
ആറ്റിങ്ങൽ ചെറുന്നിയൂർ അയന്തി ജംഗ്ഷനു സമീപം പുന്നവിള വീട്ടിൽ സജു( 25), മാമം പറക്കാട്ടു വീട്ടിൽ ഉണ്ണി എന്നു വിളിക്കുന്ന അലിൻ കുമാർ(35), ഒറ്റൂർ മൂങ്ങോട് പേരേറ്റിൽ ചന്ദനക്കാട്ടിൽ വീട്ടിൽ ജിഷ്ണു ജിത്ത്(30) എന്നിവരാണ് പോലീസ് പിടിയിലായത്. സിസിടീവി ദൃശ്യങ്ങളും മൊബൈൽ ഫോൺ കോളുകളും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്.
ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ.ജി, എസ്ഐ ജിഷ്ണു, എഎസ്ഐ മാരായ രാധാകൃഷ്ണൻ, ഉണ്ണിരാജ്, എസ്. സി. പി. ഒ ശരത് കുമാർ, നിധിൻ, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.