വെള്ളനാട് : തൊഴിലുറപ്പ് ജോലിക്കിടെയുള്ള വിശ്രമത്തിനിടയിൽ കഴുത്തിൽ ചുറ്റിയ മൂർഖൻ പാമ്പിനെ വലിച്ചെറിഞ്ഞ് തൊഴിലുറപ്പ് തൊഴിലാളി രക്ഷപ്പെട്ടു. വെള്ളനാടിനു സമീപം കടിയൂർകോണം സി.എൻ. ഭവനിൽ സി. ഷാജി (51) ആണ് പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45ഓടെ കാരിക്കോണത്തെ തൊഴിലുറപ്പ് ജോലിസ്ഥലത്താണ് സംഭവം. ഭക്ഷണം കഴിച്ചശേഷം ജോലിസ്ഥലത്തുതന്നെ കിടക്കുകയായിരുന്ന ഷാജിയുടെ കഴുത്തിൽ മൂർഖൻ പാമ്പ് ഇഴഞ്ഞുകയറുകയായിരുന്നു.
ഇതു ശ്രദ്ധയിൽപ്പെട്ട ഷാജി ഉടൻതന്നെ കഴുത്തിൽ ചുറ്റിയ പാമ്പിനെ കൈകൊണ്ട് വലിച്ചെറിഞ്ഞു. ഭാഗ്യത്തിന് ഷാജിക്കു കടിയേറ്റില്ല. ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാൽ ആശുപത്രിയിൽ പോയില്ലെന്ന് ഷാജി പറഞ്ഞു