കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ആറു വരിപ്പാത ഈ വർഷം പൂർത്തിയാക്കും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

ei0B7AU34940

നവീകരിച്ച റോഡുകളുടെ പൂര്‍ത്തീകരണ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

മലയാളികളുടെ ചിരകാല സ്വപ്നമായ കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ആറു വരിപ്പാതയായ എൻ.എച്ച് 66 ഈ വർഷം തന്നെ പൂർത്തീകരിക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ശീമമുളമുക്ക് ജംഗ്ഷനില്‍, നവീകരിച്ച കല്ലയം-ശീമമുളമുക്ക് റോഡിന്റെയും ഏണിക്കര-കല്ലയം-കഴുനാട് റോഡിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

13 ജില്ലകളിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയും ഈ വർഷം പൂർത്തിയാക്കും. തീരദേശ ഹൈവേയുടെ നിർമാണവും വേ​ഗത്തിലാക്കും. എല്ലാ റോഡുകളുടെയും നിർമ്മാണവും നവീകരണവും ഏറ്റവും വേ​ഗത്തിലും സമയബന്ധിതമായും പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു.

11 കോടി ചെലവിൽ ബി.എം ആന്റ് ബി.സി നിലവാരത്തിലാണ് റോഡുകൾ നവീകരിച്ചിരിക്കുന്നത്. ഒട്ടേറെ പ്രവൃത്തികൾ നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ നടത്തി. കരകുളം ഫ്ലൈഓവറിന്റെ നിർമ്മാണം നടക്കുന്നു. നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ മന്ത്രി ജി.ആർ അനിലിന്റെ നേതൃത്വത്തിൽ പശ്ചാത്തല വികസന മേഖലയിൽ നിരവധി വികസനങ്ങൾ നടക്കുന്നുണ്ട്.

ബിഎം ആന്റ് ബിസി നിലവാരത്തിൽ റോഡുകൾ നവീകരിക്കുന്നതിന് ചെലവ് അധികമാണ്. മൂന്നേകാൽ വർഷം കൊണ്ട് തന്നെ 50 ശതമാനം പൊതുമരാമത്ത് റോഡുകൾ ബിഎം ആന്റ് ബിസി നിലവാരത്തിൽ ഉയർത്തി. എല്ലാ പ്രവൃത്തികളും സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നെടുമങ്ങാട് മണ്ഡലത്തിലെ റോഡുകളുടെ വികസന കാര്യത്തിൽ ഉണ്ടായത് വലിയ മുന്നേറ്റമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു.

നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ പ്രധാന ജില്ലാ പാതയാണ് കല്ലയം-ശീമമുളമുക്ക് റോഡും ഏണിക്കര-കല്ലയം-കഴുനാട് റോഡും. സംസ്ഥാന സര്‍ക്കാരിന്റെ 2023-24 ബജറ്റില്‍ ഉള്‍പ്പെടുത്തി 3 കോടി രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതാണ് കല്ലയം-ശീമമുളമുക്ക് റോഡ്. 2023-24 നബാര്‍ഡ് ആര്‍.ഐ.ഡി.എഫിൽ ഉള്‍പ്പെടുത്തി 7.95 കോടി ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതാണ് ഏണിക്കര-കല്ലയം-കഴുനാട് റോഡ്.

കരകുളം പ‍ഞ്ചായത്ത് പ്രസിഡന്റ് യു.ലേഖറാണി, ത്രിതല പഞ്ചായത്ത് അം​ഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!