അനശ്വരനടനും വെള്ളിത്തിരയിലെ ഇതിഹാസതാരവുമായിരുന്ന പ്രേംനസീറിനെ കുറിച്ചുള്ള കവിതകൾ പുറത്തിറങ്ങി.
പ്രേംനസീറിന് പത്മഭൂഷൺ ബഹുമതി ലഭിച്ചപ്പോൾ 1984 ൽ ചിറയിൻകീഴിൽ നൽകിയ സ്വീകരണത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയ്ക്കു വേണ്ടി പ്രമുഖകവികൾ എഴുതിയകവിതകളിൽ ചിലതാണ് വീഡിയോ ആൽബമായി പുറത്തിറങ്ങിയത്. പ്രൊഫ.ഒ. എൻ.വി. കുറുപ്പ്,ചലച്ചിത്രനടനും കവിയും ഗാനരചയിതാവുമായ തിക്കുറിശ്ശി സുകുമാരൻ നായർ, ഗാനരചയിതാവ് പൂവച്ചൽ ഖാദർ എന്നിവരുടെ കവിതകളാണ് “പ്രേംനസീർ കവിതകൾ ” എന്ന ആൽബത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ചിറയിൻകീഴ് ദൃശ്യവേദിയുടെ ബാനറിൽ പുറത്തിറക്കിയ ആൽബത്തിലെ കവിതകൾ ആലപിച്ചത് കെ. രാജേന്ദ്രനാണ്. കേരളപുരം ശ്രീകുമാർ സംഗീതം നൽകി. ചിത്രീകരണം അഖിലേഷ് രാധാകൃഷ്ണൻ. പ്രേംനസീറിന്റെ മുപ്പത്തിയാറാം ചരമവാർഷികം പ്രമാണിച്ച് (ജനുവരി 16) ജന്മനാടിന്റെ സ്മരണാഞ്ജലിയായാണ് ഇത്തരത്തിൽ ഒരു കവിത ആൽബം പുറത്തിറക്കിയത്.