മലയോരമേഖലകളിൽ കനത്തകാറ്റ് തുടരുന്നു. പൊന്മുടിയിൽ മണിക്കൂറിൽ അമ്പത് കിലോമീറ്ററോളം വേഗത്തിൽ കാറ്റ് വീശിയതായി കാലാവസ്ഥാ വിദഗ്ധർ പറയുന്നു. കാടിനുള്ളിലും ചുരത്തിലും മരക്കമ്പുകൾ ഒടിഞ്ഞ് വീണിട്ടുണ്ടെങ്കിലും ഗതാഗതം തടസപ്പെട്ടില്ല. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊന്മുടി പൊലീസ് അറിയിച്ചു.
ഇന്ന് രാവിലെ മുതൽ പ്രദേശത്ത് കനത്ത കാറ്റാണ് അനുഭവപ്പെടുന്നത്. വിനോദ സഞ്ചാരികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഉച്ചയോടെ മലയുടെ താഴ്വാരങ്ങളിൽ കാറ്റ് കനത്തതോടെ വിനോദ സഞ്ചാരത്തിനെത്തിയ കുട്ടികളെ മാതാപിതാക്കൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വിതുര,തൊളിക്കോട്,പെരിങ്ങമ്മല,നന്ദിയോട് പഞ്ചായത്തുകളിൽ കഴിഞ്ഞയാഴ്ച വീശിയ കാറ്റിൽ മരങ്ങൾ കടപുഴകിയും വൈദ്യുതി ലൈനുകൾ വീണും കനത്തനാശമുണ്ടായിരുന്നു. വിതുര പഞ്ചായത്തിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്.