ആറ്റിങ്ങൽ: ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തിക്കു ജാമ്യം അനുവദിച്ചു സുപ്രീം കോടതി. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണു നടപടി. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹർജിയിൽ തീർപ്പാകുന്നതു വരെയാണു ജാമ്യം. ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ട സാഹചര്യത്തിലാണ് അനുശാന്തിയുടെ അപേക്ഷ പരിഗണിച്ച് കോടതി ജാമ്യം അനുവദിച്ചത്. ഉപാധികൾ വിചാരണ കോടതിക്കു തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കാമുകനൊപ്പം ചേർന്ന്, മൂന്നര വയസ്സുള്ള മകളെയും ഭർത്താവിന്റെ അമ്മയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനുശാന്തി. കഴക്കൂട്ടം ടെക്നോപാർക്കിലെ ഐടി സ്ഥാപനത്തിൽ ടീം ലീഡറായിരുന്ന നിനോ മാത്യു നടത്തിയ കൊലപാതകത്തിനു സഹായവും ആസൂത്രണവും അനുശാന്തി ചെയ്തെന്നാണു പ്രോസിക്യൂഷൻ കേസ്. 2014 ഏപ്രിൽ 16നു ഉച്ചയ്ക്കായിരുന്നു ക്രൂരകൃത്യം.
ആലംകോട് തുഷാറത്തില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ വിജയമ്മ എന്ന ഓമന (57), ചെറുമകള്‍ സ്വാസ്തിക (4) എന്നിവരാണ് കൊല്ലപ്പെട്ടത്. അനുശാന്തിയുമായി ഒരുമിച്ചു ജീവിക്കാനുള്ള തടസങ്ങള്‍ ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ഒന്നാം പ്രതി നിനോ മാത്യു ഓമനയേയും പേരക്കുട്ടിയേയും കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിന് ഗുരുതരമായി പരുക്കേറ്റിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്.