തിരുവനന്തപുരം: എല്ലാ യുദ്ധങ്ങളും മനുഷ്യ ജീവിതത്തിൽ തീരാനഷ്ടങ്ങൾ മാത്രമാണ് നൽകുന്നതെന്ന് പ്രമുഖ നാടകരചയിതാവും സംവിധായകനുമായ സൂര്യ കൃഷ്ണമൂർത്തി അഭിപ്രായപ്പെട്ടു. ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ- ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട്ഷിപ്പ് – ഇസ്കഫ് ഏഴാമത് സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് തിരുവനന്തപുരത്ത് നടന്ന”യുദ്ധവും, വംശീയതയും ” എന്ന വിഷയത്തിൽ ചിത്രരചന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യൻ്റെ മാനവികതയെ ഇല്ലാതാക്കി തീരാ നഷ്ടങ്ങൾ മാത്രം സംഭാവന ചെയ്യുന്നതാണ് യുദ്ധവും വംശീയതയുമെന്ന് അദ്ദേഹം പറഞ്ഞു. ചിലങ്ക കെട്ടിയ കലാകാരിക്കും,തൂലിക ആയുധമാക്കിയ എഴുത്തുകാരനും, ബ്രഷ് ആയുധമാക്കിയ ചിത്രകാരനും കലയിലൂടെ യുദ്ധത്തിനെതിരെയും വംശീയതക്കെതിരെയും വൻപ്രതിഷേധമുയർത്താൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ചിത്രകാരൻകാരയ്ക്കാമണ്ഡപം വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഇസ്കഫ് ദേശീയ എക്സി. അംഗം കെ.എസ്. മധുസുദനൻ നായർ, ബിജൂ ചിന്നത്തിൽ ,എ. അബ്ദുൽ സിദ്ധിക്ക് എന്നിവർ പ്രസംഗിച്ചു.
രാജാരവിവർമ്മ പുരസ്കാര ജേതാവും ചിത്രകാരനുമായ ബി.ഡി.ദത്തൻയുദ്ധത്തി
നെതിരെ ആദ്യം ചിത്രം വരച്ചു. ചിത്രകാരന്മാരായ ആര്യനാട് രാജേന്ദ്രൻ, ജയചന്ദ്രൻ, ഗുരു പ്രിയൻ, വിഷ്ണുദേവ്, അഭിനന്ദ്, ശ്രീനാഥ്, ഷെഫീക്ക് തിരുമല, ശശികുമാർ, വേണു തെക്കേമഠം, തുളസീ ഭായ്,ബിജു ചിന്നത്തിൽ, സബിത നായർ,ഭവ്യ
എന്നിവർ പങ്കെടുത്തു.
സമാധാന സൗഹൃദ പ്രസ്ഥാനത്തിൻ്റെ
കേരളത്തിലെ അമരക്കാരനായിരുന്ന
എസ്. ശർമ്മാജിയുടെ പേരിൽ
മാനവീയം വീഥിയിൽ പ്രത്യേകം തയ്യാറാക്കിയ
വേദിയിൽ സമ്മേളനത്തിൻ്റെ രണ്ടാം ദിവസമായ 18 ന് വൈകിട്ട് 5 മണിക്ക് സാംസ്കാരിക സദസ്സ് നടക്കും.പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും.
ജോർജ് ഓണക്കൂർ മുഖ്യ പ്രഭാഷണം നടത്തും.
മുൻ എം.പി. കെ. സുരേഷ് കുറുപ്പ്, മുൻ എം.എൽ.എ. മാങ്കോട് രാധാകൃഷ്ണൻ, കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം, എം.കെ. രാമദാസ്, പി.എസ്. രാജീവ് എന്നിവർ പ്രസംഗിക്കും. 19-ന് പ്രതിനിധി സമ്മേളനത്തോടെ മൂന്നുദിവസത്തെ സമ്മേളനം അവസാനിക്കും.