പള്ളിക്കൽ : പള്ളിക്കലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി. പള്ളിക്കല്‍ ഗവണ്‍മെന്റ് എച്ച്.എസ്. എസിലെ വിദ്യാര്‍ഥി റയ്ഹാനാണ് പ്ലസ് ടു വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റതായി പരാതിപ്പെട്ടത്. തലയ്ക്കും കഴുത്തിനും കാലിനും മര്‍ദ്ദനമേറ്റ റയ്ഹാന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിയാണ്.
മൂന്നു മാസങ്ങൾക്ക് മുൻപ് ഫുട്ബോളിനെ ചൊല്ലി ഒരു തർക്കം നിലനിന്നിരുന്നു. ഹൈസ്കൂളിനും ഹയർ സെക്കൻഡറി സ്കൂളിനും ഓരോ ഫുട്ബോൾ സ്കൂൾ നൽകിയിരുന്നു. എന്നാൽ ഹയർ സെക്കൻഡറി വിഭാഗം ഹൈസ്കൂളിന്റെ ഫുട്ബോൾ കൂടി എടുത്തു കൊണ്ടു പോയി. റയ്ഹാന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ സീനിയർ വിദ്യാർത്ഥികളോട് ഇത് ചോദ്യം ചെയ്യുകയും ഫുട്ബോൾ തിരികെ വാങ്ങുകയും ചെയ്തു. ഇത് സംബന്ധിച്ച് തർക്കം നിലനിൽക്കുകയും റയ്ഹാനെ പലതവണ കയ്യേറ്റം ചെയ്യാനുള്ള ശ്രമം നടന്നതായും മാതാപിതാക്കൾ പറയുന്നു.
ഇക്കഴിഞ്ഞ പതിനാറാം തീയതി ഉച്ചയ്ക്ക് റയ്ഹാൻ ഭക്ഷണം കഴിച്ച് ശേഷം ശുചിമുറിയിലേക്ക് പോകുമ്പോൾ അവിടെ കാത്തുനിന്ന ഏഴോളം വരുന്ന പ്ലസ് ടു വിദ്യാർത്ഥികൾ റയ്ഹാനെ സംഘചേർന്ന് ക്രൂരമായി മർദ്ദിച്ചു എന്നാണ് പരാതി. അല്പസമയത്തിനുശേഷം സഹപാഠികൾ ഓടിയെത്തിയാണ് മുറിവേറ്റ റയ്ഹാനെ ഓഫീസ് റൂമിൽ എത്തിച്ചത്.
തല പിടിച്ച് ചുവരിൽ ഇടിക്കുകയും കഴുത്തിന് തൂക്കി എടുക്കുകയും തറയിലിട്ട് കാലിലും വയറിലും ചവിട്ടുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്.
വയറിനും നടുവിനും കഴുത്തിനും തലയ്ക്കും ക്ഷതം സംഭവിച്ചു.ഇടതു കാലിന് പൊട്ടലുണ്ട്. മകന് ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്ന് മാതാവ് സജിന പറയുന്നു.
കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പരിശോധനയ്ക്കുശേഷം ആകും തുടര്‍നടപടികള്‍.