കിളിമാനൂർ : കിളിമാനൂരിൽ അച്ഛനെ മർദിച്ചു കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. കിളിമാനൂർ പൊരുന്തമൺ ഹരിത നിവാസിൽ ഹരികുമാർ (52) മരിച്ച സംഭവത്തിലാണ് മകൻ ആദിത്യ കൃഷ്ണ (24) യെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 15 നാണ് കേസിനാസ്പദമായ സംഭവം.
വീട്ടിൽ ഹരികുമാറും മകനും തമ്മിൽ പണവുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടാവുകയും സംഘർഷത്തിൽ കലാശിക്കുകയും മർദ്ദനമേറ്റ് മുഖമിടിച്ചു തറയിൽ വീണ ഹരികുമാറിനു ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. തുടർന്ന് തലയ്ക്ക് ക്ഷതമേറ്റ ഹരികുമാറിനെ സ്വകാര്യ ആശുപത്രിയിലും
പിന്നീട് മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ഹരികുമാർ മരണപ്പെട്ടു.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടി എന്ന നിലയിലാണ് ആദ്യം സംഭവം നാട്ടിൽ അറിഞ്ഞതെങ്കിലും ഹരികുമാറിന്റെ മരണത്തിൽ സംശയം തോന്നിയ ബന്ധു കിളിമാനൂർ പോലീസിൽ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തി മകൻ ആദിത്യ കൃഷ്‌ണയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.