ആറ്റിങ്ങൽ : ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ ഇന്നലെ രാത്രിയിൽ സംഭവിച്ച അപകടത്തിൽ ഒരാൾ മരണപ്പെട്ടു. ആലംകോട് വഞ്ചിയൂർ സ്വദേശി അജിത്ത് ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം നടന്നത്.
ആറ്റിങ്ങൽ ഭാഗത്ത് നിന്ന് കല്ലമ്പലം ഭാഗത്തേക്ക് അമിത വേഗതയിൽ എത്തിയ മാരുതി 800 കാർ നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. കഴക്കൂട്ടം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ ശ്രീജിത്ത് ഓടിച്ചിരുന്ന കാർ ആണ് അപകടത്തിൽപെട്ടത്. അമിത വേഗതയിൽ വന്ന കാർ തൊട്ട് മുന്നിലൂടെ പോയ ബൈക്കിൽ തട്ടുകയും എതിർ ദിശയിൽ നിന്ന് വന്ന ഐഎസ്ആർഒയുടെ ബസ്സിന്റെ സൈഡിൽ ഇടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട കാർ നിരവധി ഇരുചക്ര വാഹനങ്ങളിൽ ഇടിക്കുകയും കാർ റോഡിൽ വട്ടം ചുറ്റി എതിർ ദിശയിൽ പൂവൻപാറ പാലത്തിന്റെ സുരക്ഷ ഭിത്തിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ 5 ഇരുചക്ര വാഹന യാത്രികർക്ക് പരിക്കേറ്റു. പാലോട് സ്വദേശികളായ സഞ്ജയ്, രാധിക, ഒറ്റൂർ സ്വദേശി വൈശാഖ് വഞ്ചിയൂർ സ്വദേശി അജിത്ത്, മറ്റൊരു യുവാവിനുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആദ്യം വലിയകുന്ന് താലൂക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ചികിത്സയിലിരിക്കെ ഗുരുതരമായി പരിക്കേറ്റ അജിത്ത് മരണപ്പെട്ടു.