ആറ്റിങ്ങൽ : രണ്ടര പതിറ്റാണ്ടോളം യുഎഇയിൽ ഉയർന്ന കമ്പനികളിൽ ജോലി നോക്കിയിരുന്ന ആറ്റിങ്ങൽ വാളക്കാട് സ്വദേശി നിസാമുദീൻ പ്രവാസം മതിയാക്കി നാട്ടിലെത്തി പല ജോലികൾ ചെയ്തിരിക്കെയാണ് സൗദി അറേബ്യയിൽ പുതിയ ഒരു ജോലി ഓഫറുമായി അയിലം സ്വദേശി എത്തുന്നത്. നാട്ടിലെ ചെലവും കടവും ബാധ്യതകളും ഓർത്തപ്പോൾ ഒരിക്കൽ കൂടി പ്രവാസ ലോകത്ത് പോയി ജോലി ചെയ്ത് തന്റെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാമെന്നു നിസാമുദീൻ കരുതി. സൗദി അറേബ്യയിൽ പെട്രോൾ പമ്പിൽ ജോലി ആണെന്നും ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും സൗകര്യങ്ങളും വാഗ്ദാനം നൽകിയാണ് അയിലം സ്വദേശിയും മറ്റൊരു വാളക്കാട് സ്വദേശിയും നിസാമുദീനെ കൊണ്ട് വിസയ്ക്ക് പണം അടപ്പിക്കുന്നത്. ആദ്യം രണ്ട് ലക്ഷം രൂപ അവർ നൽകിയ വടകര ബ്രാഞ്ചിലെ ഒരു അക്കൗണ്ട് നമ്പറിലും പിന്നീട് മറ്റൊരു ഫോൺ നമ്പറിലേക്ക് കുറച്ചു പണവും അയച്ചു നൽകി. 2024 ഓഗസ്റ്റ് 30നു പ്രതീക്ഷകളോടെ നിസാമുദീൻ വിമാനം കയറി.
എന്നാൽ സൗദി അറേബ്യയിൽ ബുറൈദയ്ക്കടുത്ത്, നിസാമുദീൻ ജോലി സ്ഥലത്ത് എത്തിയപ്പോൾ ഞെട്ടിപ്പോയി. പത്തോളം പേരെ ഒറ്റപ്പെട്ട സ്ഥലത്ത് താമസിപ്പിച്ച് ജോലി ചെയ്യിക്കുന്നു. അനധികൃതമായി ഡീസൽ കടത്താണ് നടത്തുന്നതെന്നും ഭക്ഷണമോ മറ്റു അടിസ്ഥാന സൗകര്യങ്ങളോ നൽകാതെ, പുറത്ത് ഇറങ്ങാൻപോലും കഴിയാതെ ഒരു ഒറ്റപ്പെട്ട സ്ഥലത്ത് ആണ് തന്നെ കൊണ്ട് പോയതെന്നും നിസാമുദീൻ പറയുന്നു.
മാത്രമല്ല, റൂമിലും എല്ലായിടത്തും ക്യാമറയും മൈക്കും സ്ഥാപിച്ച് സ്വകാര്യതകളിലേക്ക് കടന്നു കയറി മാനസികമായി പീഡിപ്പിച്ചതായും നിസാമുദീൻ പറയുന്നു. അയിലം സ്വദേശിയും വാളക്കാട് സ്വദേശിയും ഉത്തരവാദിത്തം വഹിക്കുന്ന അനധികൃത കച്ചവട കേന്ദ്രത്തിൽ നടക്കുന്നത് ചോദ്യം ചെയ്തതിനു നിസാമുദീനെ പീഡിപ്പിച്ചുവെന്നും ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നത് വരെ ഒളിഞ്ഞു കേട്ട്, അത് പറഞ്ഞു പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുമായിരുന്നു എന്നും നിസാമുദീൻ പറയുന്നു. പറഞ്ഞ ശമ്പളമോ ഒന്നും കൃത്യമായി നൽകിയില്ല. ഭക്ഷണത്തിനും ബുദ്ധിമുട്ടി. ഒടുവിൽ നാട്ടിൽ നിന്ന് ടിക്കറ്റ് എടുത്ത് അയച്ചു കൊടുത്ത് 4അര മാസത്തിനു ശേഷം നിസാമുദീൻ നാട്ടിലെത്തി.
നാട്ടുകാരായ യുവാക്കളുടെ വാക്ക് വിശ്വസിച്ചു ഒരുപാട് പ്രതീക്ഷകളോടെ ജോലിക്കായി പോയ നിസാമുദീൻ നിയമ സംവിധാനങ്ങളോട് തന്റെ ദുരവസ്ഥ ബോധിപ്പിക്കാനും ഇനിയും ഇവിടെ നിന്ന് ഒരാളെയും ഈ യുവാക്കൾ അത്തരം മേഖലകളിൽ ജോലിക്ക് കൊണ്ട് പോകാതിരിക്കാനും അവർക്ക് വേണ്ട ശിക്ഷാ നടപടികൾ വാങ്ങിക്കൊടുക്കാനുമുള്ള ശ്രമത്തിലാണ്.
മലയാളികളായ ആളുകൾ ആണ് അവിടെ ജോലിക്ക് ഉള്ളതൊന്നും അവരൊക്കെ അവിടെ ഭയന്ന് കഴിയുകയാണെന്നും നിസാമുദീൻ പറയുന്നു. അവിടെ സിഐഡിയോ, പോലീസൊ പിടികൂടിയാൽ അനധികൃത കച്ചവടത്തിന് നിന്ന ജീവനക്കാർ എന്ന നിലയിൽ തങ്ങളെയും അവർ തുറങ്കലിൽ അടയ്ക്കുമെന്ന് നിസാമുദീനെ പോലെ കൂടെ ഉണ്ടായിരുന്ന മറ്റു ജോലിക്കാർക്കും അറിയാം. എന്നാൽ മറ്റിടങ്ങളിൽ സുരക്ഷിതരായി ഇരുന്നുകൊണ്ട് കച്ചവടം നിയന്ത്രിക്കുന്ന മുതലാളിമാരുടെ പീഡനവും അക്രമവും ഭയന്ന് അവിടെ കഴിയുകയാണെന്നും നിസാമുദീൻ പറയുന്നു.
ഇതിനെതിരെ ചോദ്യം ചെയ്തതിനു നിസാമുദീനെ കൊല്ലുമെന്ന് വരെ അയിലം സ്വദേശി ഭീഷണി മുഴക്കിയെന്നും ഫോണിലൂടെ അസഭ്യ വർഷം നടത്തുന്നുണ്ടെന്നും നിസാമുദീൻ പരാതിപ്പെടുന്നു. ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലും ആറ്റിങ്ങൽ ഡിവൈഎസ്പിക്കും പരാതി കൊടുത്ത നിസാമുദീൻ നടപടികൾ വേഗതയിൽ ആക്കുന്നതിന് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കും മറ്റു ഹെല്പ് ലൈൻ സെന്ററുകളിലും പരാതി നൽകാൻ ഒരുങ്ങുകയാണ്.