ആറ്റിങ്ങൽ: പ്രഥമ ഖോ-ഖോ ലോകക്കപ്പിൽ ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചതിൽ ആറ്റിങ്ങലുകാർക്ക് ഒരുപടി കൂടുതൽ അഭിമാനിക്കാം. എങ്ങനെയെന്നല്ലേ, ലോകക്കപ്പിൽ മുത്തമിട്ട പുരുഷ ഇന്ത്യൻ ടീമിന്റെ മാനേജർ ഒരു ആറ്റിങ്ങലുകാരനാണ്. ആറ്റിങ്ങലിന്റെ കായിക മേഖലയിൽ മാത്രമല്ല, സർവമുഖ സാന്നിധ്യമായ അവനവഞ്ചേരി ശാന്തിനഗർ ‘സിതാര’യിലെ ജി വിദ്യാധരൻ പിള്ള.
ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അരീനയിൽ ജനുവരി 13 മുതൽ 19 വരെ നടന്ന ഖോ ഖോ ലോകകപ്പിൽ ഇന്ത്യൻ പുരുഷ ടീമിനൊപ്പമായിരുന്നു വിദ്യാധരൻ പിള്ള. കായികതാരങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയും വിജയ തന്ത്രങ്ങൾ പറഞ്ഞുകൊടുത്തും പ്രോത്സാഹനം നൽകിയും ടീം മാനേജർ എന്ന നിലയിൽ തന്റെ ഔദ്യോഗിക കർമം അദ്ദേഹം കൃത്യമായി നിർവഹിച്ചു. ഖോ ഖോ എന്ന കായിക ഇനത്തിൽ ആർജിച്ചെടുത്ത അറിവും ഇത്രയും നാളത്തെ അനുഭവ സമ്പത്തും നേതൃപാഠവവും ഇതിന് ഏറെ സഹായിച്ചെന്ന് വിദ്യാധരൻ പിള്ള പറയുന്നു. ഫൈനലിൽ നേപ്പാളിനെതിരെ 54-36 എന്ന സ്കോറിനാണ് ഇന്ത്യൻ പുരുഷ ടീം വിജയം ഉറപ്പിച്ചത്. ആറ് ഭൂഖണ്ഡങ്ങളിലായി 23 രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെന്റിൽ 20 പുരുഷ ടീമുകളും 19 വനിതാ ടീമുകളുമാണ് മത്സരിച്ചത്.
2025-ലെ ഖോ ഖോ ലോകകപ്പിൻ്റെ വിജയം കായിക ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഇന്ത്യയുടെ ഏറ്റവും പഴയ പരമ്പരാഗത ഗെയിമുകളിലൊന്നിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ കൊണ്ടുവരാൻ ഇടയാക്കുമെന്നതിൽ സംശയമില്ല. ഈ വിജയം രാജ്യത്തുടനീളമുള്ള യുവ അത്ലറ്റുകളെ ഖോ ഖോ പിന്തുടരാൻ പ്രചോദിപ്പിക്കുമെന്ന് ‘പിള്ള സാർ’ പറയുന്നു.
ചെറുപ്പത്തിൽ തന്നെ ആറ്റിങ്ങലിലെ കായിക താരം എന്ന നിലയിൽ ഉയർന്നുവന്ന വിദ്യാധരൻ പിള്ള ഇന്ന് ഖോ ഖോ എന്ന കായിക ഇനത്തിന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന വ്യക്തികളിലൊരാളായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് പ്രഥമ ഖോ ഖോ ലോകക്കപ്പിൽ ഇന്ത്യൻ ടീം മാനേജർ പദവി ഇദ്ദേഹത്തിന്റെ കൈകളിലേക്ക് ഖോ ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യ ഏൽപ്പിച്ചതും. 2023ൽ മലേഷ്യയിൽ നടന്ന ഇന്റർനാഷണൽ ഖോ ഖോ ടെസ്റ്റ് സീരീസിലും ഇന്ത്യൻ ടീമിന്റെ സീനിയർ കോച്ച് ആയിരുന്നു ഇദ്ദേഹം.
നിലവിൽ കേരള ഖോ ഖോ അസോസിയേഷന്റെയും ഖോ ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും വൈസ് പ്രസിഡന്റാണ്. ഖോ ഖോ പരിശീലകനായി സർക്കാർ സർവീസിൽ പ്രവേശിച്ച ഇദ്ദേഹം ജില്ലാ സ്പോർട്സ് ഓഫീസറായാണ് വിരമിച്ചത്. ഓർമകളിലൂടെ ഇന്നും ജീവിക്കുന്ന, കായികാധ്യാപികയായിരുന്ന ശ്യാമളയാണ് ഭാര്യ.
കായിക മേഖലയിൽ മാത്രമല്ല, ആറ്റിങ്ങലിൽ സർവതല സ്പർശിയായി വിവിധ മേഖലകളിൽ ഇദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ട്. ലയൻസ് , റോട്ടറി, വൈസ്മെൻ തുടങ്ങി ക്ലബുകളുടെ ഭാരവാഹിയായും പ്രവർത്തിക്കുന്നു.
ഖോ-ഖോ ലോകക്കപ്പിലെ മറ്റു മലയാളി സാന്നിധ്യം
ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഒരേയൊരു മലയാളി കായിക താരമാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ഉഴമലയ്ക്കൽ കുര്യാത്തി സ്വദേശിയായ നിഖിൽ. ടൂർണമെന്റിലെ ഒന്നൊഴികെ എല്ലാമത്സരങ്ങളിലും കളത്തിലിറങ്ങിയ നിഖിൽ ഭൂട്ടാനെതിരായ മത്സരത്തിൽ ബെസ്റ്റ് ഡിഫൻഡറായിരുന്നു. നേപ്പാളിനെതിരായ ഫൈനലിൽ രണ്ട് പോയിന്റുകൾ നേടുകയും ഡിഫൻസിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.
തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി കെ. മണികണ്ഠൻ നായർ, മലപ്പുറം നിറമരുതൂർ സ്വദേശി വത്സൻ പി.കെ, കേരള ഖോ ഖോ അസോസിയേഷൻ സെക്രട്ടറി ജി രാധാകൃഷ്ണൻ എന്നിവരാണ് ഒഫിഷ്യൽസായി ഉണ്ടായിരുന്ന മറ്റു മലയാളി സാന്നിധ്യം.