കഠിനംകുളം ആതിര കൊലക്കേസ്, പ്രതിയുടെ മൊഴി പുറത്ത്

ei1KB1013283

കഠിനംകുളത്തെ വീടിനുള്ളില്‍ വച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോണ്‍സണ്‍ ഔസേപ്പിന്റെ മൊഴി പുറത്ത്. വെഞ്ഞാറമൂട് ആലിയാട് സ്വദേശി ആതിരയെ ആണ് കൊലപ്പെടുത്തിയത്. കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയില്‍ നിന്ന് രാവിലെ 6.30 ഓടെ ആതിര താമസിക്കുന്ന വീടിന് സമീപം പ്രതി എത്തിയെന്നാണ് മൊഴി.

ആതിര കുട്ടിയെ സ്‌കൂള്‍ ബസിൽ വിടുന്ന സമയം വരെ പ്രദേശത്ത് ഒളിച്ചിരുന്നു. ഇതിനിടയില്‍ ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നുവെന്നും മൊഴിയിലുണ്ട്. വീടിനുള്ളിൽ പ്രവേശിച്ച പ്രതിക്ക് ആതിര ചായ നൽകി. കയ്യിൽ കരുതിയിരുന്ന കത്തി ഈ സമയം മുറിയിലെ മെത്തയ്ക്കുള്ളിൽ ഒളിപ്പിച്ചു. ​ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ ഈ കത്തിയെടുത്ത് ആതിരയുടെ കഴുത്തിൽ കുത്തുകയായിരുന്നു.

രക്തംപുരണ്ട ഷർട്ട് അവിടെ ഉപേക്ഷിച്ച് ആതിരയുടെ ഭർത്താവിന്റെ ഷർട്ട് ധരിച്ച് ആതിരയുടെ സ്കൂട്ടറിലാണ് പ്രതി രക്ഷപ്പെട്ടത്. കൃത്യം നടത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ് ആലോചിച്ചതെന്നും എന്നാൽ മരിച്ചില്ലെങ്കിൽ നാട്ടുകാർ മർദ്ദിക്കുമെന്ന് കരുതിയാണ് ചെയ്യാതിരുന്നതെന്നും ജോൺസൺ പോലീസിൽ മൊഴി നൽകി.

ജോൺസൺ ഔസേപ്പിനെ കോട്ടയം ചിങ്ങവനം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. കൊല്ലം സ്വദേശിയാണ് ഇയാൾ. ചിങ്ങവനത്തിന് അടുത്ത് കുറിച്ചിയിൽ ഒരു വീട്ടിൽ ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു. ജനുവരി ഏഴിന് ശേഷം ഇയാൾ ജോലിക്ക് വന്നിട്ടില്ല. വ്യാഴാഴ്ച സാധനങ്ങൾ എടുക്കാനെത്തിയപ്പോൾ വീട്ടുകാർക്ക് സംശയം തോന്നി പഞ്ചായത്ത് അം​ഗം വഴി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

എന്നാൽ, ഇയാൾ വിഷം കഴിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്. കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യ ആതിരയെയാണ് കഴുത്തിൽ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ആതിരയെ ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട ജോൺസൺ അടുപ്പം സ്ഥാപിക്കുകയായിരുന്നു. വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമായ ഇയാൾ കുടുംബവുമായി വേർപിരിഞ്ഞാണ് ഇപ്പോൾ കഴിയുന്നത്. കുടുംബത്തെ ഉപേക്ഷിച്ച് തനിക്കൊപ്പം വരാൻ ഇയാൾ ആതിരയെ നിർബന്ധിച്ചിരുന്നു. വഴങ്ങാതിരുന്ന ആതിരയെ ഭീഷണിപ്പെടുത്തി. ആതിര ഇയാൾക്കൊപ്പം പോകാത്തതിലുള്ള വൈരാ​ഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!