ചിറയിൻകീഴ് : വിദ്യാഭ്യാസ വകുപ്പിന്റെ ഭിന്നശേഷി കുട്ടികളുടെ സാമൂഹിക ഉൾചേർക്കൽ പദ്ധതിയായ ‘മോഡൽ ഇൻക്ലൂസീവ് സ്കൂൾ പദ്ധതി’ ചിറയിൻകീഴ് കൂന്തള്ളൂർ പ്രേംനസീർ മെമോറിയൽ ഗവ.സ്‌കൂളിൽ ആരംഭിച്ചു. പൊതുവിദ്യാലയങ്ങൾ പൂർണതോതിൽ ഭിന്നശേഷി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ജില്ലയിൽ 68 പൊതുവിദ്യാലയങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തത്.
കിഴുവിലം ഗ്രാമപഞ്ചായത്തംഗം ആർ.മനോന്മണി പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സബീന അധ്യക്ഷയായി. ആറ്റിങ്ങൽ ബി.ആർ.സി ക്ക് കീഴിൽ തെരഞ്ഞെടുക്കപ്പെട്ട ഏക സ്കൂളാണിത്. അധ്യാപകർക്കും, രക്ഷിതാക്കൾക്കും, സഹപാഠികൾക്കും, പൊതുസമൂഹത്തിനും വേവ്വേറെ ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
സ്കൂൾ എസ്.എം.സി ചെയർമാൻ സുമേഷ്.എം.എസ് , വൈസ് ചെയർമാൻ സബിത, പി.ടി.എ വൈസ് പ്രസിഡന്റ് അനസ്, അധ്യാപിക ഷീജ , പദ്ധതിയുടെ സ്കൂൾ നോഡൽ ഓഫീസർ മുഹമ്മദ് അൻസാരി, സീനിയർ അസിസ്റ്റന്റ് രഹ്‌ന എ.ആർ, ആറ്റിങ്ങൽ ബി.ആർ.സി യിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ അമൃത.എസ്, ലതിക കുമാരി എന്നിവർ ബോധവത്കരണ ക്ലാസ്സെടുത്തു.
സ്കൂൾ പ്രിൻസിപ്പാൾ മാർജി സ്വാഗതവും പ്രധാനാധ്യാപിക ബിന്ദു നന്ദിയും പറഞ്ഞു.