കിഴുവിലം : അക്ഷരവൃക്ഷങ്ങൾ നട്ടുവളർത്തി മഹാസാഹിത്യകാരന് കുട്ടികൾ സ്മൃതിവനമൊരുക്കി. കിഴുവിലം ജി. വി.ആർ. എം. യൂ. പി.സ്കൂളിൽ എം ടി യുടെ വിവിധ കഥാപാത്രങ്ങളുടെ പേരിൽ ഫലവൃക്ഷങ്ങളും ചെടികളും നട്ടുകൊണ്ടാണ് സ്കൂൾ അങ്കണത്തിൽ പ്രത്യേക സ്മൃതിവനം നിർമ്മിച്ചത്. നാലുകെട്ടിലെ അപ്പുണ്ണി, മഞ്ഞിലെ വിമല ടീച്ചർ, അസുരവിത്തിലെ ഗോവിന്ദൻകുട്ടി, പരിണയത്തിലെ താത്രികുട്ടി, ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തൻ വേലായുധൻ എന്നിങ്ങനെ കഥാപാത്രങ്ങൾ സ്മൃതിവനത്തിൽ നിരന്നിട്ടുണ്ട്. എംടിയുടെ എല്ലാ കഥാപാത്രങ്ങളെയും സ്കൂൾ അങ്കണത്തിലേക്ക് വൃക്ഷരൂപത്തിൽ നട്ടുവളർത്താനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ അധികൃതരും പി. ടി. എയും.
സ്കൂൾ അങ്കണത്തിൽ തയ്യാറാക്കിയ എം.ടി സ്മൃതിവനം കവിയും ഗാനരചയിതാവു മായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ശ്യാംകൃഷ്ണ അധ്യക്ഷനായി. പ്രഥമാദ്ധ്യാപിക ശ്രീജ സ്വാഗതവും മാനേജർ നാരായണൻ ആശംസ പ്രസംഗം നടത്തി. വിദ്യാരംഗം കോർഡിനേറ്റർ രഞ്ജുഷ നന്ദി പറഞ്ഞു.