ആറ്റിങ്ങൽ : ആറ്റിങ്ങൽ, മംഗലപുരം, കടയ്ക്കാവൂർ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മയക്ക് മരുന്ന് വിൽപന നടത്തി വരുന്ന സംഘത്തിലെ രണ്ട് പ്രതികളെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു.
മംഗലപുരത്തുള്ള സ്വകാര്യ കോളേജ്, ടെക്നോസിറ്റി, ആറ്റിങ്ങൽ, നഗരൂർ എന്നീ സ്ഥലങ്ങളിലെ കോളേജുകളിൽ രണ്ട് വർഷത്തിലേറെയായി ലഹരി വിൽപന നടത്തി വരുന്ന സംഘത്തിലെ പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കരിച്ചിയിൽ സ്വദേശിയായ തോന്നയ്ക്കലിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയായ യുവാവ് ലഹരി ഉപയോഗിക്കുന്നതായി യുവാവിന്റെ വീട്ടുകാർ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ കുറിച്ച് ഒരാഴ്ചയായി നടത്തിയ അന്വേഷണത്തിൽ 2 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവുമായി മംഗലപുരം തോന്നയ്ക്കൽ ഫൈസൽ മൻസിലിൽ നൗഫൽ (25) നെ പിടികൂടി. മാത്രമല്ല, ഫൈസലിന് ബാംഗ്ലൂരിൽ നിന്നും എംഡിഎംഎ എത്തിച്ചു നൽകുന്ന അണ്ടൂർകോണം കീഴാവൂർ എംആർ മൻസിലിൽ മുഹമ്മദ് മുഹ്സിൻ( 23)നെയും ആറ്റിങ്ങൽ പോലീസ് പിടികൂടി.
പ്രതികൾ രഹസ്യമായി ടെലഗ്രാമിലും ഇൻസ്റ്റഗ്രാമിലും ഗ്രൂപ്പുകളുണ്ടാക്കി ആവശ്യപ്രകാരം യുവാക്കൾക്ക് മയക്ക് മരുന്ന് എത്തിച്ച് നൽകി വന്നിരുന്നു. അറസ്റ്റ് ചെയ്ത നൗഫലിന് പേട്ട പോലീസ് സ്റ്റേഷനിൽ 2020 ൽ കൊല്ലം സ്വദേശികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും, 2022 ൽ മംഗലപുരം പോലീസ് സ്റ്റേഷനിൽ 6 വാളുകൾ കൈവശം വച്ചതിന് ആയുധ നിയമപ്രകാരം ഒരു കേസും നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രതികളുടെ കൈയ്യിൽ നിന്നും ലഭിച്ച ഫോണുകളിൽ പ്രതികൾ വടക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ യുവതികളുമായി വിനോദ സഞ്ചാരത്തിന് പോയി മയക്ക് മരുന്ന് ഉപയോഗിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കെഎസ് സുദർശൻ ഐപിഎസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽ എസ്, ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്എച്ച്ഒ ഗോപകുമാർ. ജി, എസ്ഐമാരായ ജിഷ്ണു എം.എസ്, ബിജു എ ഹക്ക്, എഎസ്ഐ രാധാകൃഷ്ണൻ, ഉണ്ണിരാജ്, എസ്. സി. പി. ഒമാരായ ഷംനാദ്, പ്രശാന്തകുമാരൻ നായർ, നിധിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.