മുദാക്കൽ : നെൽകൃഷി നഷ്ടമാണെന്ന് എപ്പോഴും പരാതിപ്പെടുന്ന കർഷകർക്ക് മുന്നിൽ ആണ് മുദാക്കൽ കൃഷിഭവനിലെ കൃഷി ഉദ്യോഗസ്ഥർ.
വർഷങ്ങളായി തരിശ് കിടന്ന വയലുകളിൽ ആണ് പരീക്ഷണത്തിനായി കൃഷി ചെയ്യാൻ ഇവർ മുതിർന്നിരിക്കുന്നത്. ഓഫീസ് ജോലിക്ക് പുറമേ ഉള്ള സമയം കൂടി കണ്ടെത്തിയാണ് ഈ ഉദ്യോഗസ്ഥർ കൃഷി നടത്തി വരുന്നത്. തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ കാർഷിക ബ്ലോക്കിന്റെ കീഴിൽ മുദാക്കൽ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് ജസീം, പെസ്റ്റ് സ്കൗട്ട് ഗുരുദത്ത്. ബി , റിട്ട. കൃഷി ഓഫീസറും നിലവിലെ അഗ്രോ സർവീസ് സെന്റർ ഫെസിലിറ്റേറ്ററുമായ സുന്ദരേശൻ നായർ എന്നിവരാണ് ഇടയ്ക്കോട് പാടശേഖരത്തിൽ 3.5 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ഇറക്കി കർഷകർക്ക് മാതൃക കാട്ടി പരീക്ഷണ കൃഷിക്ക് മുതിർന്നിരിക്കുന്നത്.
13 വർഷമായി കാടുപിടിച്ചു തരിശ് ആയി കിടന്ന നിലത്തിൽ ആണ് ഇവർ കൃഷി ചെയുന്നത്. ഉമ എന്ന നെല്ലിനമാണ് ഏപ്രിൽ മാസം വിളവെടുക്കാൻ കഴിയുന്ന രീതിയിൽ കൃഷി ഇറക്കിയിരിക്കുന്നത്.
മുദാക്കൽ കൃഷി ഓഫീസർ ലീന കൃഷി അസിസ്റ്റന്റ്മാരായ ഷൈനി, റജീന എന്നിവരും ഈ പ്രവർത്തനങ്ങൾക്ക് എല്ലാവിധ സപ്പോർട്ടും നൽകി വരുന്നു.
മുദാക്കൽ കൃഷിഭവന്റെ മുൻ കൃഷി ഓഫീസർ ആയിരുന്ന ജാസ്മി മുൻകൈ എടുത്താണ് ഈ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
മുദാക്കൽ ഗ്രാമപഞ്ചായത്ത്, കൃഷി ഡിപ്പാർട്മെന്റ്, ഇടയ്ക്കോട് പാടശേഖര സമിതി, കർഷക തൊഴിലാളികൾ തുടങ്ങി എല്ലാവരുടെയും സംയുക്ത സഹകരത്തോടുകൂടിയാണ് ഇവിടെ കൃഷി ആരഭിച്ചിരിക്കുന്നത്.
വർഷങ്ങളായി കാട് പിടിച്ചു തരിശ് ആയി കിടന്ന ഇവിടത്തെ നിലങ്ങൾ ട്രാക്ടർ ഉപയോഗിച്ച് 4-5 പ്രാവശ്യത്തോളം ഉഴുതു മറിച്ചാണ് ആണ് നെൽകൃഷിക്ക് യോഗ്യമാക്കി മാറ്റിയത്.
13 വർഷത്തോളം തരിശായി കിടന്ന 15 ഹെക്ടർ സ്ഥലത്താണ് ഈ വർഷം കൃഷി ആരംഭിച്ചിരിക്കുന്നത്.. ഇതിൽ ആണ് ഏറ്റെടുക്കാൻ ആളില്ലാതെ തരിശ് ആയി തന്നെ കിടക്കുമായിരുന്ന 3.5 ഏക്കർ സ്ഥലം ഉദ്യോഗസ്ഥർ കൃഷി ചെയ്യാൻ ഏറ്റെടുത്തത്. 1.5 ലക്ഷം രൂപയോളം ആണ് ഇത് വരെ ചിലവ് വന്നിരിക്കുന്നത്. ജല ലഭ്യത വളരെ കുറഞ്ഞു വരുന്ന ഒരു അവസ്ഥ ഉണ്ട് എന്നിരുന്നാലും കാലാവസ്ഥ അനുകൂലമാണെങ്കിൽ നല്ല വിളവ് ലഭിക്കും എന്നുള്ള പ്രതീക്ഷയിലാണ് കർഷകരും കൃഷി ഉദ്യോഗസ്ഥരും.