ശിവഗിരി : ശാരദാ പ്രതിഷ്ഠാ വാര്‍ഷികത്തിന്റെ മുന്നോടിയായി സംസ്ഥാനത്തിനകത്തും പുറത്തും ശ്രീനാരായണ ധര്‍മ്മ മീമാംസ പരിഷത്തുകള്‍ നടത്തുവാന്‍ ശിവഗിരിയില്‍ ചേര്‍ന്ന ഗുരുധര്‍മ്മ പ്രചരണ നേതൃസംഗമം തീരുമാനിച്ചു. മണ്ഡലം ജില്ലാതല ഭാരവാഹികള്‍, മാതൃസഭ, യുവജനസഭ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മുഖ്യപ്രഭാഷണം നടത്തി.
നിലവില്‍ നടന്നുവരുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഏപ്രില്‍ 15 വരെ തുടരും. മഹാത്മജി ശിവഗിരി എത്തി ഗുരുദേവനെ സന്ദര്‍ശിച്ചതിന്റെ ശതാബ്ദി വിപുലമായി ആഘോഷിക്കുവാനും, ഗുരുധര്‍മ്മപ്രചരണ സഭാ കേന്ദ്ര കമ്മിറ്റി തയ്യാറാക്കുന്ന ‘ഗുരു പ്രഭാവം’ സ്മരണിക ധര്‍മ്മമീമാംസ പരിഷത്ത് വേളയില്‍ പ്രകാശനം ചെയ്യുവാനും തീരുമാനിച്ചു.
യോഗത്തില്‍ ഗുരുധര്‍മ്മ പ്രചരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, രജിസ്റ്റാര്‍ കെ.റ്റി .സുകുമാരന്‍, ജോ: രജിസ്റ്റാര്‍ പുത്തൂര്‍ ശോഭനന്, യുവജനസഭാ ചെയര്മാന് രാജേഷ് സഹദേവന്, മാതൃസഭ കേന്ദ്ര സമിതി പ്രസിഡന്റ് ഡോ. അനിതാ ശങ്കര്‍, പി. ആര്. ഓ ഡോ. സനല്‍കുമാര്‍, കോ ഓര് ഡിനേറ്റര് ചന്ദ്രന് പുളിങ്കുന്ന്, അശോകന് ശാന്തി, ആറ്റിങ്ങല്‍ കൃഷ്ണന്‍കുട്ടി, മാതൃസഭാ സെക്രട്ടറി ശ്രീജാ ഷാജി എന്നിവര്‍ സംസാരിച്ചു.