ചിറയിൻകീഴ് : ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപം നിർമ്മാണത്തിലിരിക്കുന്ന റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്ന് കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡണ്ട് കെ.ആർ.അഭയൻ ആവശ്യപ്പെട്ടു.
പണി ഇന്ന് തീരും നാളെ തീരും എന്ന പ്രസ്താവനകൾ നൽകി ജനങ്ങളുടെ ക്ഷമയെ ഇനിയും പരീക്ഷിക്കുവാൻ ആവില്ല. നിർമ്മാണം തുടങ്ങിയത് മുതൽ സ്ഥലത്ത് അതിഭീകരമായ ഗതാഗതക്കുരുക്കാണ് നേരിടുന്നത്. തീരദേശത്തു നിന്ന് രോഗികളുമായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്താൻ വരുന്നവർ വളരെ അധികം പ്രയാസത്തിലാണ്. ശാർക്കര ഗേറ്റ് വഴി കറങ്ങി വരുമ്പോൾ ഗേറ്റ് അടച്ചിടുന്ന സാഹചര്യത്തിൽ രോഗികൾക്ക് സമയത്ത് ചികിത്സ ലഭിക്കാത്ത അവസ്ഥയാണ്.
വലിയകട മുതൽ ശാർക്കര വരെയുള്ള റോഡിൽ ഗതാഗത കുരുക്കിലാണ്. റോഡിന്റെ വീതി കൂട്ടാൻ സ്ഥലം ഏറ്റെടുക്കൽ പ്രക്രിയ തുടങ്ങിയിട്ട് അത് എങ്ങും എത്താത്ത അവസ്ഥയാണ്. റെയിൽവേ മേൽപ്പാല നിർമ്മാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളാണ് കോൺഗ്രസ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചതെന്നും ഇനിയും അധികാരികൾ കണ്ണ് തുറന്നില്ലെങ്കിൽ വമ്പിച്ച പ്രക്ഷോഭ പരിപാടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.