ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം നാളെ നടക്കും. രാവിലെ 10.15ന് ക്ഷേത്ര മേൽശാന്തി വെൺകുളം കൃഷ്ണരാജ മഠത്തിൽ ഗോപാലകൃഷ്ണ റാവു പണ്ടാര അടുപ്പിൽ തീ പകരും.
ഉച്ചയ്ക്ക് 11.30ന് ശേഷം പൊങ്കാല നിവേദ്യം. ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രപ്പറമ്പ് നിരപ്പാക്കി അടുപ്പുകൾ കൂട്ടുന്ന പ്രവൃത്തികൾ പൂർത്തിയായിവരുന്നു.
പൊങ്കാല ദിവസം ശാർക്കര കോമ്പൗണ്ടിൽ ഒരു വാഹനവും പ്രവേശിപ്പിക്കില്ല. മഞ്ചാടിമൂട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ശാർക്കര ബൈപ്പാസ് റോഡിലും കോളിച്ചിറ റോഡിലും വലിയകട ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ശാർക്കര മഞ്ചാടിമൂട് ബൈപ്പാസ് റോഡിലും കടയ്ക്കാവൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ പണ്ടകശാല-ആൽത്തറമൂട് റോഡ്, പുളിമൂട്ട് കടവ് റോഡ് എന്നിവിടങ്ങളിലും പാർക്ക് ചെയ്യേണ്ടതാണ്. പൊങ്കാല ദിവസം ക്ഷേത്ര ദർശനത്തിനും നിയന്ത്രണങ്ങളുണ്ട്.
ഭക്തജനങ്ങൾ വടക്കേ ഭാഗത്തെ വാതിലിലൂടെ ക്ഷേത്രത്തിനകത്തേക്കും കിഴക്കേ വാതിലിലൂടെ പുറത്തേക്കും പോകേണ്ടതാണ്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ശാർക്കര പറമ്പിലെ ഭദ്ര ഓഡിറ്റോറിയത്തിൽ മെഡിക്കൽ ക്യാമ്പ് പ്രവർത്തിക്കും. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ചിറയിൻകീഴ് പൊലീസും ഉപദേശക സമിതിയുമായി സഹകരിച്ച് ആൾകേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചിറയിൻകീഴ് യൂണിറ്റ് പൊങ്കാല ദിവസം ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തും. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ മേൽനോട്ടത്തിൽ വിവിധ വകുപ്പുകൾ സംയോജിപ്പിച്ച് പൊങ്കാല മഹോത്സവം സുഗമമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
 
								 
															 
								 
								 
															 
															 
				

