കുറ്റിച്ചൽ : കുറ്റിച്ചലിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സ്‌കൂളിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. കുറ്റിച്ചൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെയാണ് ഇന്ന് രാവിലെ സ്കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം സ്കൂളിൽ കണ്ടെത്തിയത്.
സംഭവത്തില്‍ സ്കൂളിലെ ക്ലർക്കിനെതിരെ കുട്ടിയുടെ കുടുംബം രംഗത്തെത്തി. ക്ലര്‍ക്കുമായുണ്ടായ തർക്കമാണ് കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബത്തിൻ്റെ ആരോപണം. പ്രൊജക്റ്റ് റിപ്പോർട്ടിൽ സീൽ വെക്കാൻ ക്ലർക്ക് സമ്മതിച്ചില്ലെന്നും ക്ലർക്ക് കുട്ടിയോട് മോശമായി പെരുമാറിയെന്നും ഇതിന് ശേഷം രക്ഷിതാക്കളെ കൂട്ടി വരാൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം.