അരുവിക്കര മണ്ഡലത്തിൽ വനിതാ വിവിധോദ്ദേശ്യ വ്യവസായ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വനിതകൾക്ക് വസ്ത്ര നിർമ്മാണത്തിൽ പരിശീലനം നൽകുന്ന പരിപാടി ആരംഭിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ആര്യനാട് പഞ്ചായത്ത് കൺവർജന്റ്സ് സെന്ററിൽ ജി.സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ പോലെ ദാരിദ്ര്യലഘൂകരണ പദ്ധതിയാണിതെന്നും 500 പേർക്ക് തൊഴിൽ നൽകുന്ന, ലാഭകരമായ ഒരു സൊസൈറ്റിയായി ഇതിനെ മാറ്റുമെന്നും എംഎൽഎ പറഞ്ഞു.
വനിതകൾ വരുമാനദായകരായ കുടുംബങ്ങളുടെ ഉന്നമനം ലക്ഷ്യംവെച്ചുകൊണ്ട് ആരംഭിച്ചതാണ് വനിതാ വിവിധോദ്ദേശ്യ വ്യവസായ സഹകരണ സംഘം. സംഘത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കാണ് വസ്ത്ര നിർമ്മാണ പരിശീലന പരിപാടിയിലൂടെ തുടക്കമാകുന്നത്. ആദ്യ ഘട്ടത്തിൽ 30 വനിതകൾക്ക് പരിശീലനം നൽകും.
ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ അധ്യക്ഷത വഹിച്ചു. അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ കല, സംഘം പ്രസിഡന്റ് ഷാമിന എൻ.എസ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.