കല്ലമ്പലം : കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ്സിൽ വന്നവരെ എംഡിഎംഎയുമായി പിടികൂടിയ സംഭവത്തിൽ ഇടനിലക്കാരനെ ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റ്യാട് അടുക്കത്തിൽ ആശാരിക്കണ്ടി വീട്ടിൽ അമീർ(39) നെയാണ് കല്ലമ്പലം പോലീസും ഡാൻസഫ് സംഘവും ചേർന്ന് ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റിയിലുള്ള മൈലസാന്ദ്രയിൽ വാടകയ്ക്കു താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നും അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ 16നാണ് ദീർഘദൂര സ്വകാര്യ ടൂറിസ്റ്റ് ബസ്സിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കല്ലമ്പലത്ത് എത്തിയ യുവതിയും യുവാവും പിടിയിലായത്. ചെറിയന്നിയൂർ താന്നിമൂട് കൊടിവിളാകത്ത് ദീപു (24), ചെറുന്നിയൂർ താന്നിമൂട് രാജാമണിയിൽ അഞ്ജന(30) എന്നിവരെയാണ് പിടികൂടിയത്.
ബാംഗ്ലൂരിൽ നിന്നും വന്ന ടൂറിസ്റ്റ് ബസ്സിൽ കല്ലമ്പലത്ത് ഇറങ്ങി വർക്കലയ്ക്ക് പോകാൻ നിൽക്കവേയാണ് രണ്ടു പേരെയും ഡാൻസാഫ് സംഘം പിടികൂടിയത്. ഇവരുടെ ദേഹ പരിശോധന നടത്തിയതിൽ നിന്നും 25 ഗ്രാം തൂക്കം വരുന്ന രാസ ലഹരി വസ്തുവായ എം ഡി എം എ കണ്ടെടുത്തിരുന്നു.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ അന്വേഷണത്തിനൊടുവിലാണ് അമീറിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. പ്രതിയ്ക്ക് കോഴിക്കോട് കുറ്റ്യാടി, പേരാമ്പ്ര, മട്ടന്നൂർ, വയനാട്, തൊണ്ടൻനാട് സ്റ്റേഷനുകളിലും സമാന കേസ്സുകൾ ഉണ്ട്.
തിരുവനന്തപുരം റൂറൽ ജില്ലാപോലീസ് മേധാവി കെ . സുദർശനൻ ഐപിഎസ് , വർക്കല ഡിവൈഎസ്പി ഗോപകുമാർ ബി , തിരുവനന്തപുരം റൂറൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പ്രദീപ് കുമാർ എന്നിവരുടെ മേൽ നോട്ടത്തിൽ കല്ലമ്പലം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പ്രൈജു.ജി, ഡാൻസഫ് അംഗങ്ങളായ അനൂപ്, വിനേഷ്, ഡ്രൈവർ സിപിഒ ഷിജാസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തതത്.
ദീപുവിൽ നിന്നും എംഡിഎംഎ വാങ്ങി ചില്ലവ വില്പന നടത്തുന്ന കല്ലമ്പലം സ്വദേശിയായ ഷാൻ എന്നയാളെയും അറസ്റ്റു ചെയ്തിട്ടുണ്ട്.