വെഞ്ഞാറമൂട് കൂട്ടക്കൊല : ഞെട്ടലിൽ നാട്ടുകാർ, പോലീസ് അന്വേഷണം പുരോഗമിക്കുന്നു 

eiP7HSS60367

വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടില്‍ അഞ്ചുപേരെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപാതകം നടന്ന വീടുകള്‍ മൂന്ന് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍. മുത്തശ്ശിയെ കൊന്നശേഷം 16 കിലോമീറ്റര്‍ സഞ്ചരിച്ചാണ് വല്യച്ഛന്‍റെ വീട്ടിലെത്തി രണ്ടു പേരെ കൊന്നത്. അവിടെനിന്ന് എട്ടു കിലോമീറ്റര്‍ സഞ്ചരിച്ചാണ് സ്വന്തം വീട്ടിലെത്തിയത്. ഇവിടെയെത്തിയാണ് സഹോദരനെയും കാമുകിയെയും കൊന്നത്. കാമുകി ഫര്‍സാനയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് കൊല്ലാന്‍ വേണ്ടിയാണ്. വീട്ടില്‍വച്ച് പ്രതി അമ്മ ഷെമിയെയും പ്രതി തലയ്ക്കടിച്ചു. അര്‍ബുദ ബാധിതയായ ഷെമിയുടെനില അതീവഗുരുതരമാണ്.

തിങ്കളാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ ഏകദേശം 5-6 മണിക്കൂറിൽ മനുഷ്യ മനസ്സാക്ഷിയെ ഭയപ്പെടുത്തുന്ന സംഭവങ്ങളാണ് വെഞ്ഞാറമൂട് പ്രദേശത്ത് നടന്നത്. 23കാരൻ നടത്തിയ ക്രൂര കൊലപാതകങ്ങളുടെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും.സ്വന്തം കുടുംബാംഗങ്ങളെയും, പെൺസുഹൃത്തിനെയും,13 വയസ് മാത്രമുളള കുഞ്ഞനുജനെയും ഒരു ദയയും കൂടാതെ അടിച്ചുകൊല്ലാൻ അഫാന് മനസ് വന്നതെങ്ങനെയെന്നാണ് ഈ കുടുംബത്തെ അറിയുന്നവരെല്ലാം ചോദിക്കുന്നത്.

 

മണിക്കൂറുകളുടെ ഇടവേളകളിൽ ഒന്നിന് പുറകെ ഒന്നായി മൂന്നിടത്തായി അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. അഫാൻ ആദ്യം ആക്രമിച്ചത് സ്വന്തം ഉമ്മയെയാണ്. രാവിലെ 11.30ഓടെ സ്വന്തം വീട്ടിൽ വെച്ച് ഉമ്മയായ ഷെമിയുടെ കഴുത്തിൽ ഷോൾ ചുറ്റിയ ശേഷം, തല ചുമരിൽ ഇടിപ്പിക്കുകയായിരുന്നുവെന്ന് റിപ്പോർട്ട്‌ . അഫാൻ്റെ ക്രൂരതയിൽ നിന്നും ജീവനോടെ രക്ഷപ്പെട്ടത് ഉമ്മ മാത്രമാണ്. അവരിപ്പോൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

പരിക്കേറ്റ ഉമ്മയെ മുറിയിൽ പൂട്ടിയിട്ട് അഫാൻ നേരെ പോയത് പാങ്ങോട്ടെ മുത്തശ്ശിയുടെ വീട്ടിലേക്കായിരുന്നു.

പാങ്ങോട് താമസിക്കുന്ന സൽമ ബീവിയോട് പണയം വയ്ക്കാനായി അഫാന്‍ പലവട്ടം സ്വര്‍ണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സല്‍മാബീവി സ്വര്‍ണം നല്‍കിയില്ല. തിങ്കളാഴ്ച വീട്ടിലെത്തിയ അഫാന്‍ മുത്തശ്ശിയെ കൊന്നു സ്വര്‍ണം കൈക്കലാക്കിയതായും പൊലീസ് പറയുന്നു. വെഞ്ഞാറമൂട്ടിലെത്തി ഇതു പണയം വച്ചു. ഈ പണം ഉപയോഗിച്ച് ബൈക്കില്‍ പെട്രോള്‍ അടിച്ചുവെന്നാണ് വിവരം. കൊലപാതകങ്ങള്‍ എല്ലാം തിങ്കളാഴ്ച രാവിലെ 10.30നും വൈകീട്ട് നാലുമണിക്കും ഇടയിലാണ് നടന്നതെന്നും പൊലീസ് പറയുന്നു. രാവിലെ 10.30ന് പേരുമലയിലെ വീട്ടില്‍ വച്ച് അമ്മ ഷമിയെ കഴുത്തില്‍ ഷാള്‍ കുരുക്കി നിലത്തടിച്ചു. ഉച്ചയ്ക്ക് 1.15നാണ് മുത്തശി സല്‍മാബീവിയെ കൊലപ്പെടുത്തിയത്. പേരുമലയിലെ അഫാന്റെ വീട്ടില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള കല്ലറ പാങ്ങോട് സല്‍മാബീവിയുടെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. പോകുംവഴി ചുറ്റിക വാങ്ങിയാണ് പ്രതി സല്‍മാബീവിയുടെ വീട്ടിലേക്ക് പോയത്. എന്നാല്‍ സല്‍മാബീവിയെ മരിച്ചനിലയില്‍ കണ്ടത് വൈകീട്ട് 4.30ന് ആണ്.

അതിനിടെ ഉച്ചയ്ക്ക് മൂന്നിനാണ് പിതൃസഹോദരന്‍ ലത്തീഫിനെ പുല്ലമ്പാറ എസ്എന്‍ പുരത്തെ വീട്ടില്‍ വച്ച് ആക്രമിച്ചത്. ലത്തീഫിന്റെ ഭാര്യ സജിതാബീവിയെ അടുക്കയില്‍ വച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഫാന്റെ പേരുമലയിലെ വീട്ടില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയാണ് ലത്തീഫ് താമസിക്കുന്നത്.

ഈ കൊലപാതകപരമ്പരയിൽ ഏറ്റവും ദുരൂഹമായ കാര്യങ്ങൾ ഇതിന് ശേഷമാണ് നടക്കുന്നത്. പിതൃസഹോദരൻ്റെ വീട്ടിലേക്ക് പോകുമ്പോൾ പെൺസുഹൃത്തായ ഫർസാനയെ വിളിച്ച് വീട്ടിലെത്തി തന്റെ മുറിയിൽ ഇരിക്കാൻ അഫാൻ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് പേരുമലയിലെ അഫാൻ്റെ വീട്ടിലെത്തി അഫാന മുറിയിൽ കാത്തിരുന്നു. തിരിച്ചെത്തിയ അഫാൻ ഫർസാനയെയും കൊലപ്പെടുത്തുകയായിരുന്നു.

പിന്നീട് അനുജൻ സ്കൂൾ വിട്ടുവരുന്നത് വരെ അഫാൻ വീട്ടിൽ കാത്തിരുന്നു. വീട്ടിലെത്തിയ കുഞ്ഞനുജനെ അവന് ഏറ്റവും ഇഷ്ടപ്പെട്ട മന്തിവാങ്ങി നൽകി . പിന്നീട് അനുജനെയും അഫാൻ കൊലപ്പെടുത്തി. മന്തിയും ചിതറിയ നോട്ടുകളും വീട്ടിലുണ്ടായിരുന്നു.

രക്തബന്ധമുള്ളവരെയും പെൺസുഹൃത്തിനെയും ഇത്രയും ക്രൂരമായി കൊലപ്പെടുത്താൻ അഫാനെ പ്രേരിപ്പിച്ചത് എന്താണെന്നാണ് ഇനി അറിയേണ്ടത്. അഫാന്റെ വ്യക്തിപരമായ സാമ്പത്തിക പ്രശ്നം കൊലപാതകത്തിലേയ്ക്ക് നയിക്കാൻ കാരണമായി എന്നാണ് പൊലീസ് നി​ഗമനം.  എന്തായാലും കൊലപാതകം നടത്താനായി മാത്രം ചുറ്റിക വാങ്ങി, 30 കിലോമീറ്ററിലേറെ ദൂരം സഞ്ചരിച്ച് മൂന്നിടത്തായി ആറ് പേരെ കൊലപ്പെടുത്താൻ തീരുമാനിച്ച പ്രതിയുടെ മനോനില എന്തായിരിക്കും എന്നത് ഇപ്പോഴും ദുരൂഹമാണ്. അഫാൻ ആക്രമിച്ച ആറുപേരിൽ തലനാരിഴയ്ക്ക് ജീവൻ തിരിച്ചു കിട്ടിയ ഉമ്മ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നാൽ എന്താണ് സംഭവിച്ചതെന്നതിൽ വ്യക്തത കിട്ടുമെന്നാണ് ഇപ്പോഴുള്ള പ്രതീക്ഷ.

അഫാന്‍റെ പെണ്‍സുഹൃത്താണ് കൊല്ലപ്പെട്ട ഫര്‍സാന. വീട്ടില്‍ നിന്ന് വൈകിട്ട് ട്യൂഷനെന്നും പറഞ്ഞിറങ്ങിയ പെണ്‍കുട്ടിയെയാണ് പിന്നീട് അഫാന്‍റെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഫര്‍സാന കൊല്ലപ്പെട്ടു എന്ന വിവരം വീട്ടുകാരെ എങ്ങനെ അറിയിക്കും എന്ന ആശങ്കയിലായിരുന്നു ഉറ്റവരും നാട്ടുകാരും. വാര്‍ത്തകളിലൂടെ കൊലപാതക വിവരം നാട്ടുകാര്‍ അറിഞ്ഞു. അപ്പോഴും ഫര്‍സാനയുടെ വീട്ടുകാര്‍ മകളെ അന്വേഷിച്ചു നടക്കുകയായിരുന്നു.

മകള്‍ക്ക് വെട്ടേറ്റതായി വിവരമുണ്ട് എന്നുപറഞ്ഞാണ് മാതാപിതാക്കളെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചത്. പക്ഷേ അപ്പോഴേക്കും ഫര്‍സാന കൊല്ലപ്പെട്ടിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഫര്‍സാന ഒറ്റപ്പെടും എന്നു കരുതിയാണ് കൊല ചെയ്തത് എന്നാണ് അഫാന്‍ പൊലീസിന് നല്‍കിയിരിക്കുന്ന വിവരം.

സൗദിയിൽ ബിസിനസ് ചെയ്യുകയാണ് അഫാന്‍റെ പിതാവ് റഹീം. അഫാനും ഫർസാനയുമായുള്ള ബന്ധത്തെക്കുറിച്ച് തനിക്കറിയില്ലായിരുന്നു എന്നാണ് റഹീം പറയുന്നത്. മകന് സാമ്പത്തിക ബാദ്ധ്യതയുള്ളതായി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു. മറ്റ് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. തനിക്ക് ഇവിടെയുള്ള സാമ്പത്തിക ബാദ്ധ്യതയല്ലാതെ നാട്ടിൽ ബാധ്യതകളൊന്നുമില്ലെന്നും റഹീം പറയുന്നു. എന്നാല്‍, റഹീമിന് സാമ്പത്തിക ബാധ്യതകൾ ഉള്ളതിനാൽ നാട്ടിലേക്ക് വരാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞിരുന്നു

അഫാന്‍റെ കുടുംബത്തിന് 75 ലക്ഷത്തിന്റെ സാമ്പത്തിക ബാധ്യതയുണ്ടെന്നും അതാണ് കൊലയ്ക്ക് കാരണമെന്നുമാണ് പ്രതി പൊലീസിനും മജിസ്ട്രേറ്റിനും മൊഴി നൽകിയത്. ‘എനിക്ക് 23 വയസ്സുണ്ട്. ഉപ്പ ഗൾഫിൽ ഫർണിച്ചർ കട നടത്തുകയാണ്. ബിസിനസിനായി വലിയ തുക വായ്പയെടുത്തു. എന്നാല്‍ ബിസിനസ് പൊളിഞ്ഞതോടെ കടം കയറി. നാട്ടിൽ നിന്ന് പണം അയച്ചുകൊടുക്കാൻ ഉപ്പ ആവശ്യപ്പെടുന്നു. ഉപ്പയുടെ സഹോദരൻ അതിന് പണം നൽകുന്നില്ല. ഉമ്മൂമ്മയുടെ പക്കൽ ധാരാളം സ്വർണാഭരണം ഉണ്ടെങ്കിലും അവരും നൽകുന്നില്ല. അതിനാൽ എല്ലാവരെയും തീർത്തുകളയാൻ തീരുമാനിച്ചു’ എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!