മകന്റെ ക്രൂര കൃത്യം കേട്ട് നെഞ്ചുതകര്‍ന്ന് പ്രവാസിയായ പിതാവ്.. വെഞ്ഞാറമൂട് പേരുമലയിൽ നടന്നത്…

eiMLO2K75336

മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച് 23കാരനായ അഫാന്‍ നടത്തിയ ക്രൂരകൊലപാതകത്തില്‍ നെഞ്ചുതകര്‍ന്ന് പ്രവാസിയായ പിതാവ് അബ്ദുല്‍ റഹിം. 25 വർഷമായി സൗദിയിൽ പ്രവാസിയാണ് അബ്ദുൽ റഹീം. മകനെന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ വിറങ്ങലിച്ചിരിക്കുകയാണ് ഈ പിതാവ്. അഫാന് സാമ്പത്തികബാധ്യതകളൊന്നും ഉള്ളതായി അറിയില്ലെന്നും തന്റെ പേരിലുള്ള ബാധ്യതകളൊന്നും അവനെ ബാധിച്ചിട്ടില്ലെന്നും പിതാവ് പറയുന്നു.

ഇന്നലെ വൈകിട്ട് നാലുമണിയോടെ നാട്ടില്‍ നിന്നും സഹോദരിയുടെ മകൻ വിളിച്ച് ഉമ്മ മരിച്ചത് പറഞ്ഞപ്പോഴാണ് നടുക്കുന്ന വിവരം അറിഞ്ഞത്. അന്നേരവും ഇളയ മകൻ മരിച്ചത് അറിഞ്ഞിരുന്നില്ല. പിന്നീട് റിയാദിലുള്ള സുഹൃത്ത് വിളിച്ച് ഇക്കയുടെ മകനും ഭാര്യയ്ക്കും എന്തൊക്കെയോ അപകടം സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോഴും ഒന്നും വിശ്വസിക്കാന്‍ പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല റഹീം.

പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയാൻ  ഭാര്യയുടെ ഇളയസഹോദരിയെ നാട്ടിലേക്ക് വിളിച്ചു ചോദിച്ചു. ആശുപത്രിയിലാണെന്നുള്ള വിവരമാണ് കിട്ടിയത്.  ഇളയ മകന്‍ മരിച്ച കാര്യം അപ്പോഴും  അറിഞ്ഞില്ല. ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്നാണ് അറിഞ്ഞതെന്നും അഫാന്റെ പിതാവ് പറയുന്നു.

‘രണ്ട് ദിവസം മുന്‍പ്  വീട്ടില്‍ വിളിച്ചിരുന്നു. പ്രത്യേകിച്ച് പ്രശ്‌നങ്ങളുള്ളതായി പറഞ്ഞിട്ടില്ല. ഇളയ സഹോദരങ്ങളോടും, എന്റെ ഉമ്മയോടും, എന്റെ സഹോദരനോടും,  അവന് യാതൊരു പ്രശ്നങ്ങളുമില്ലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും അവിടെയൊക്കെ സന്തോഷത്തോടെ പോയിരുന്നതായി അറിഞ്ഞിരുന്നു.  സന്ദർശക വീസയിൽ സൗദിയിൽ വന്നപ്പോഴും കച്ചവടത്തിന്റെ പേരിലുള്ള ബാധ്യതയോ കടമോ അവന്റെ പേരിലുണ്ടായിട്ടില്ല. ഇവിടെയുള്ള കച്ചവടം നടത്തുന്നതിന്റെ സാമ്പത്തിക ബാധ്യത എനിക്കാണുള്ളത്.

ആറ് മാസത്തെ സന്ദർശക വീസയിൽ അഫാന്‍ സൗദിയില്‍ വന്നിരുന്നുവെന്നും തനിക്കൊപ്പം കഴിഞ്ഞ് സന്തോഷത്തോടെയാണ് തിരിച്ചു പോയതെന്നും പിതാവ് വ്യക്തമാക്കി. ‘എനിക്ക് നാട്ടിലേക്ക് പോകാൻ കഴിയാത്ത സാഹചര്യത്തിൽ തന്റെ ഭാര്യയും മക്കളും സന്ദർശകവീസയിൽ സൗദിയിൽ വന്നിരുന്നു. എനിക്ക് കുറച്ച് ബാധ്യതകളുണ്ടായിരുന്നു. വീടും പുരയിടവും വിറ്റ് അത് തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു. അത് നടന്നില്ല. ഇത്തരത്തില്‍ ബാധ്യത തീര്‍ക്കുന്നതില്‍ അവനും എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാഴ്ചയ്ക്ക് മുന്‍പാണ് അഫാനെ വിളിച്ചു സംസാരിച്ചത്.

അഫാന് പെണ്‍സുഹൃത്ത് ഉണ്ടെന്ന് ബന്ധുക്കള്‍  അറിയിച്ചിരുന്നുവെന്നും  എന്നാല്‍ ഇന്നത്തെക്കാലത്ത് ആൺ പെൺ സൗഹൃദമൊക്കെ സാധാരണമാണെന്നും അതിന്  ആവശ്യമില്ലാതെ ഗൗരവം നൽകേണ്ടതില്ലെന്നുമുള്ള നിലപാടാണ്  ബന്ധുക്കളെ അറിയിച്ചത്. ഈ പെണ്‍കുട്ടിയോട് അഫാൻ സാമ്പത്തിക സഹായം വാങ്ങിയിരുന്നുവെന്നും അതില്‍ പകുതിയോളം താന്‍ തന്നെ അയച്ചു കൊടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ നടത്തുന്ന കച്ചവടവുമായി ബന്ധപ്പെട്ടു ഉണ്ടായ സാമ്പത്തിക ബാധ്യത തീർക്കാനാവാതെ നാട്ടിലേക്ക് മടങ്ങാനാവാത്ത സാഹചര്യം മൂലം കഴിഞ്ഞ 7 വർഷമായി എനിക്ക് നാട്ടിലേക്ക് പോകാൻ കഴിഞ്ഞിട്ടുമില്ല. കാലാവധി കഴിഞ്ഞ ഇഖാമ പുതുക്കാനുമുണ്ട്.

നാട്ടിലുള്ള വീടും വസ്തുവും വിറ്റ് ഇവിടെയുളള കടങ്ങളും ബാധ്യതകളും തീർക്കാനുള്ള ശ്രമത്തിലായിരുന്ന താനെന്നും  ഈ വിവരം സ്വന്തം കുടുംബത്തിലെ എല്ലാവർക്കും അറിയാമായിരുന്നുവെന്നും റഹീം പറയുന്നു. ഇതിനിടെയിൽ എന്താണ് സംഭവിച്ചതെന്നും എനിക്ക് അറിയില്ല. വസ്തുവും വീടുകമൊക്കെ വിറ്റ് കടബാധ്യതകൾ ഒഴിവാക്കണമെന്നാണ് അഫാനും പറഞ്ഞിരുന്നത്. അതിനായി ബ്രോക്കർമാരോട് അഫാൻ സംസാരിച്ചുവെന്നും  റഹീം കണ്ണീരോടെ പറയുന്നു.

നാട്ടിലേക്ക് പോയി പ്രിയപ്പെട്ടവരെ ഒരുനോക്കുകാണാന്‍ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തികബാധ്യത തീര്‍ത്ത് രേഖകള്‍ ശരിയാക്കുന്നതെങ്ങനെയെന്നറിയാതെ നിസഹായനായി നില്‍ക്കുകയാണ് ഈ പിതാവ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!