വെഞ്ഞാറമൂട് കൂട്ടക്കൊല നടന്ന് 24 മണിക്കൂർ പിന്നിടുമ്പോഴും കൊലപാതകത്തിന്റെ യഥാർത്ഥ കാരണത്തിൽ വ്യക്തയില്ലാതെ പൊലീസ്. അഫാൻ്റെ സാമ്പത്തിക ഇടപാടുകൾ മുതൽ ലഹരി ഉപയോഗം വരെയുള്ള കാരണങ്ങളിലാണ് അന്വേഷണം. മൂന്ന് ഡിവൈഎസ്പിമാരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഒരായുധം കൊണ്ട് ഒരു ദിവസം അഞ്ച് പേരെ വകവരുയിരുത്തുകയായിരുന്നു പ്രതി. എന്നാൽ അമ്പരപ്പിച്ച കൂട്ടക്കൊലയക്ക് പിന്നിലെ ദുരൂഹത ഇനിയും മാറുന്നില്ല. ആറുപേരെ കൊന്നെന്ന് പറഞ്ഞ് വെഞ്ഞാറമൂട് സ്റ്റേഷനിലേക്ക് ഇന്നലെ കയറിച്ചെന്ന അഫാനെ ചുറ്റിപ്പറ്റി ഇപ്പോഴും ഒരുപാട് സംശയങ്ങൾ ഇപ്പോഴും ബാക്കിയാണ്. ഗൾഫിലുള്ള ബാപ്പയുടെ കടം തീർക്കാൻ പണം തരാത്തതിന്റെ പ്രതികാരമായി ബന്ധുക്കളുടെ കൊലയെന്നായിരുന്നു അഫാൻറെ ഇന്നലത്തെ മൊഴി. ഈ മൊഴിക്കപ്പുറം രണ്ടാം ദിവസം അന്വേഷണം അഫാൻറെ ഇടപാടുകളെ ചുറ്റിപ്പറ്റിയായിരുന്നു. കോളേജ് പഠനം പൂർത്തിയാക്കാത്ത അഫാന് ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് ഇതുവരെയുള്ള വിവരം. നിത്യചെലവിന് പോലും മറ്റ് പലരെയും ആശ്രയിക്കുകയായിരുന്നു പ്രതി. അതേസമയം, പ്രതി ബന്ധുക്കളോടെല്ലാം ആവശ്യപ്പെട്ട പണം എന്തിന് വേണ്ടിയാണെന്ന് കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്.
അഫാൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് ഉറപ്പിക്കലാണ് കേസിൽ ഇനി നിർണ്ണായകം. അതിക്രൂരമായി ചുറ്റികയുമായി ഓടിനടന്ന് ഏറ്റവും പ്രിയപ്പെട്ടവരെ കൊല്ലുന്ന മാനസികനിലയിലേക്ക് എങ്ങിനെ അഫാൻ എത്തിയെന്നാണ് അറിയേണ്ടത്. അഫാൻറ രക്തപരിശോധനാഫലമാണ് പ്രധാനം.
കൊലപാതകപരമ്പര പൂർത്തിയാക്കിയശേഷം അഫാൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ പോയത് പരിചയമുള്ള ശ്രീജിത്തിൻറെ ഓട്ടോയിലാണ്. അഫാന് ഒരു കൂസലുമുണ്ടായിരുന്നില്ലെന്ന് ശ്രീജിത്ത് പറയുന്നു.’അവൻ മുഴുവൻ സമയവും ഫോണിൽ നോക്കി ഇരിക്കയായിരുന്നു, മദ്യത്തിന്റെ മണവുമുണ്ടായിരുന്നു’; അഫാനെ പൊലീസ് സ്റ്റേഷനിലെത്തിച്ച ഓട്ടോ ഡ്രൈവർ ശ്രീജിത്ത്.
എല്ലാമറിയുന്നത് അഫാൻ്റെ ഉമ്മക്ക് മാത്രമാണ്. പക്ഷെ ചികിത്സയിലായതിനാൽ ഉമ്മയുടെ മൊഴിയെടുക്കാനായിട്ടില്ല. ഇനി കാര്യങ്ങൾ പറയേണ്ട ഏക വ്യക്തി അഫാൻ ആണ്. ആശുപത്രിയിലെ ചികിത്സ പൂർത്തിയാക്കിയ ശേഷം കസ്റ്റഡിയിലെടുത്ത് അഫാനെ ചോദ്യം ചെയ്താൽ മാത്രമാകും കേരളം നടുങ്ങിയ കൂട്ടക്കൊലയിലെ ചുരുളഴിയൂ.