വെഞ്ഞാറമൂട് : ബന്ധുക്കളായ രണ്ട് പേരെ കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നെന്ന് വെഞ്ഞാറാമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്‍. എന്നാല്‍ സഹോദരനെ കൊലപ്പെടുത്തിയതോടെ തളര്‍ന്നെന്നും അഫാന്‍ പൊലീസിന് മൊഴി നല്‍കി. കടബാധ്യതകള്‍ രേഖപ്പെടുത്തിരുന്ന അഫാന്റെ മാതാവ് ഷെമിയുടെ ഡയറിയ്ക്കായി പൊലീസ് അന്വേഷണം തുടങ്ങി. കൂട്ടക്കൊലയ്ക്ക് കാരണം സാമ്പത്തിക പ്രതിസന്ധിയെന്ന് പൊലീസ് ഉറപ്പിച്ചു.
ബന്ധുവായ അമ്മയേയും മകളെയും കൊലപ്പെടുത്താനായിരുന്നു അഫാന്‍ തീരുമാനിച്ചിരുന്നത്. കൊലപ്പെടുത്താനുദ്ദേശിച്ചിരുന്ന ഈ അമ്മയില്‍ നിന്നും മകളില്‍ നിന്നും കുടുംബം നിരവധി തവണ പണം വാങ്ങിയിരുന്നു. വീണ്ടും കടം ചോദിച്ചപ്പോള്‍ അവര്‍ നല്‍കിയില്ല. ഇതാണ് ഇവരോട് വിരോധം തോന്നാന്‍ കാരണം. ഇവരെക്കൂടാതെ ഒരു അമ്മാവനെക്കൂടി കൊലപ്പെടുത്താന്‍ അഫാന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്ക് ഒരു കൊച്ചു കുട്ടിയുള്ളത് കൊണ്ട് വെറുതെ വിടുകയായിരുന്നുവെന്നുമാണ് അഫാന്‍ പൊലീസിനോട് പറഞ്ഞത്.