പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ വിവിധയിടങ്ങളിലെ മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. നിരവധിയായിട്ടുള്ള വികസന പ്രവർത്തനങ്ങൾക്ക് ഉദാരമായി ഫണ്ട് നൽകുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകൾ പൂർണമായും സഞ്ചാരയോഗ്യമാക്കാൻ ആവശ്യമായ പദ്ധതികളുടെയും ഫണ്ടിന്റെയും അലോട്ട്മെന്റായിട്ടുണ്ട്. മംഗലപുരം -നെടുമങ്ങാട്- പഴകുറ്റി റോഡ്, വഴയില- പഴകുറ്റി- നെടുമങ്ങാട് റോഡുകളുടെ നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
രാമപുരത്ത് പൊയ്ക അയിരൂപ്പാറ, തേവരുവിള ജംഗ്ഷൻ എന്നിവിടങ്ങളിലെ മിനി മാസ്റ്റ് ലൈറ്റുകളാണ് നാടിന് സമർപ്പിച്ചത്. മന്ത്രിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്.
ഉദ്ഘാടനയോഗത്തിൽ പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ആർ അനിൽകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത കുമാരി, വാർഡ് മെമ്പർ ബിന്ദു സത്യൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.