തിരുവനന്തപുരം: സാമൂഹ്യ സേവനം ജീവിതചര്യയാക്കി പാവങ്ങളുടെ കണ്ണീരൊപ്പാൻ ഓടി നടന്ന വ്യക്തിയാണ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആയിരുന്ന മാഹീൻകണ്ണ് എന്ന് ചൈൽഡ് പ്രൊട്ടക്റ്റ് ടീം ദേശീയ അദ്ധ്യക്ഷൻ സികെ നാസർ കാഞ്ഞങ്ങാട് പറഞ്ഞു. ചൈൽഡ് പ്രൊട്ടക്റ്റ് ടീം തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിച്ച മാഹീൻ കണ്ണ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2017 ലൈബ ഫാത്തിമ എന്ന കുട്ടിയേയും കൊണ്ട് ആംബുലൻസ് തിരുവനന്തപുരം ശ്രീചിത്തിരയിൽ ഓടി എത്തുന്ന സമയത്ത് അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും ഇടപെടലും സമൂഹം കണ്ടതാണ്. ഏറ്റെടുക്കുന്ന ഓരോ ഉത്തരവാദിത്വവും തികഞ്ഞ അർപ്പണ ബോധത്തോടെ ചെയ്തു തീർത്ത് തരുന്ന മഹീൻകണ്ണിൻറെ സഹായം തിരുവനന്തപുരത്ത് ഒഴിച്ച് കൂടാൻ പറ്റാത്തത് ആയിരുന്നു. നിരവധി കുരുന്നുകൾക്ക് സഹായം ലഭിച്ചിരുന്നു. സ്വന്തം ആരോഗ്യം പോലും ഇതിനിടെ ശ്രദ്ധിച്ചിരുന്നില്ല ഇതാണ് അകാലത്തിൽ പൊലിഞ്ഞു പോയത്. സമൂഹം മാതൃകയാക്കേണ്ട ജീവിതമാണ് മാഹീൻകണ്ണ് നടത്തിയത് എന്നും അനുസ്മരണ യോഗം വിലയിരുത്തി.
ചൈൽഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഷാജി മഹീൻ അദ്ധ്യക്ഷത വഹിച്ചു. സിഡബ്ല്യുസി ചെയർപേഴ്സൺ ഷാനിബ ബീഗം ചൈൽഡ് പ്രൊട്ടക്റ്റ് ടീം ദേശീയ ട്രഷറർ സിടി മുഹമ്മദ് മുസ്തഫ സംസ്ഥാന ജനറൽ സെക്രട്ടറി ഫാദർ ഷിൻറോ ചാലിൽ സംസ്ഥാന ട്രഷറർ അനിതാ സുനിൽ തിരുവനന്തപുരം ജില്ല കോഡിനേറ്റർ റജീന മഹീൻ ആഷിഫ് അഞ്ജലി ജയിൻ തുടങ്ങിയവർ സംസാരിച്ചു.
ആംബുലൻസ് ദൗത്യത്തിൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞ ലൈബഫാത്തിമ കുടുംബ സമേതം കാസർകോട് നിന്ന് എത്തിയിരുന്നു. മെഡിക്കൽ കോളജ് പരിസരത്ത് അന്നദാനവും ഇതോടൊപ്പം നടത്തി.