കരകുളം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച കുരിശ്ശടി- പേഴുംമൂട്-നമ്പാട്- മുല്ലശ്ശേരി റോഡിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.
ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട ഒരു റോഡാണ് നവീകരിച്ച് നാടിന് സമർപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. റോഡ് നവീകരിച്ചതോടെ ബസ് സർവീസ് ഉടൻ പുനരാരംഭിക്കാൻ കഴിയും.
പഞ്ചായത്ത് പരിധിയിലെ 17 ഓളം റോഡുകളുടെ നവീകരണത്തിനുള്ള ഉത്തരവ് ലഭിച്ചു കഴിഞ്ഞു. ടെൻഡർ നടപടികളിലേയ്ക്ക് കടക്കുകയാണെന്നും മന്ത്രി അറിയിച്ചു.
എം.എൽ.എയുടെ ആസ്‌തിവികസന ഫണ്ടിൽ നിന്നും 70 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. രണ്ട് കിലോമീറ്റർ വരെയാണ് റോഡ് നവീകരിച്ചിരിക്കുന്നത്. കരകുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ മന്ത്രിയെ ചടങ്ങിൽ ആദരിച്ചു.
പേഴുംമൂട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് യു.ലേഖാറാണി, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.