ആറ്റിങ്ങൽ : വിദ്യാർത്ഥികളുടെ ആത്മഹത്യ വാർത്തകൾ പതിവാകുമ്പോൾ രക്ഷകർത്താക്കൾ ആശങ്കയിലാണ്. നല്ലപോലെ പഠിക്കുന്ന, പാഠ്യേതര വിഷയങ്ങളിലും മറ്റും മികവ് പുലർത്തുന്ന കുട്ടികൾ പോലും ജീവനൊടുക്കാൻ തീരുമാനിക്കുമ്പോൾ അതിനു പിന്നിലെ കാരണങ്ങൾ പലപ്പോഴും ചെറിയ വിഷയങ്ങൾ ആയിരിക്കാം. വിദ്യാലങ്ങളിൽ കൌൺസലിങ്ങും ബോധവത്കരണവും നൽകുന്നുണ്ടെങ്കിലും ഇത്തരം വാർത്തകൾക്ക് അറുതി വരുന്നില്ല.
ആറ്റിങ്ങലിൽ 10 ആം ക്ലാസ്സ് വിദ്യാർത്ഥിയെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതാണ് ഇന്നത്തെ സംഭവം. ആറ്റിങ്ങൽ വലിയകുന്ന് സ്റ്റേഡിയത്തിന് സമീപം ശിവത്തിൽ കണ്ണന്റെയും ഗംയുടെയും മകൻ അമ്പാടി(15)യെയാണ് ഇന്ന് രാവിലെ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ അച്ഛനും അമ്മയും ജോലിക്ക് പോയ ശേഷം കോളേജിൽ പോകാൻ നേരം സഹോദരി കല്യാണി, അമ്പാടി മുറിയിൽ നിന്ന് പുറത്ത് ഇറങ്ങത്തതിനെ തുടർന്ന് നോക്കുമ്പോഴാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. പോലീസ് എത്തി പരിശോധന നടത്തി അമ്പാടിയുടെ ഫോൺ പരിശോധനയ്ക്കായി കൊണ്ടുപോയി. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥയാണ്.
അതേ സമയം, ഇന്നലെ ചിറയിൻകീഴിൽ ചിറയിൻകീഴിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറയിൻകീഴ് കൈലാത്ത്കോണം സ്നേഹ സാന്ദ്രത്തിൽ സ്നേഹ സുനിയാണ് മരണപ്പെട്ടത്.
സോഫ്റ്റ് ബോൾ, ബെയ്സ് ബോൾ എന്നീ ഇനങ്ങളിലെ ഒരു സ്പോർട്സ് താരം കൂടിയായിരുന്നു സ്നേഹ. ചിറയിൻകീഴ് ശ്രീ ശാരദവിലാസം സ്കൂളിലെ വിദ്യാർഥിനിയാണ്. മരണകാരണം വ്യക്തമല്ല.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056