വർക്കല : കുടുംബവഴക്കിനെത്തുടർന്ന് വർക്കല കരുനിലക്കോട്ടു നടന്ന കൊലപാതകത്തിൽ എല്ലാ പ്രതികളും അറസ്റ്റിലായി. തിരുവനന്തപുരം വള്ളക്കടവ് കരിമൺകുഴി വീട്ടിൽ ഷാനി(48), സുഹൃത്ത് വട്ടിയൂർക്കാവ് കൊടുങ്ങാനൂർ മാത്തവിള പുത്തൻവീട്ടിൽ മനു(36), 16 വയസ്സുകാരൻ എന്നിവരാണ് പിടിയിലായത്. വർക്കല കരുനിലക്കോട് കുഴിവിളാകം ക്ഷേത്രത്തിനു സമീപം അഞ്ചുവരമ്പുവിള വീട്ടിൽ സന്തോഷ് എന്നുവിളിക്കുന്ന സുനിൽദത്താ(57)ണ് വ്യാഴാഴ്ച വെട്ടേറ്റു മരിച്ചത്. സുനിൽദത്തിന്റെ സഹോദരി ഉഷാകുമാരിക്കും(52) തലയ്ക്കു വെട്ടേറ്റിരുന്നു.
ഉഷയുടെ ഭർത്താവ് ഷാനിയുടെ നേതൃത്വത്തിലാണ് വീടുകയറി ആക്രമണം നടത്തിയത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു കൊലപാതകം. ഉഷയും ഷാനിയും തമ്മിൽ രണ്ടുവർഷമായി അകന്നുകഴിയുകയായിരുന്നു. ഉഷ സഹോദരങ്ങൾക്കൊപ്പം ഇവരുടെ കുടുംബവീട്ടിലാണ് കഴിഞ്ഞുവന്നത്. കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിനിടെയാണ് സുനിൽദത്തിനെയും ഉഷയെയും വെട്ടിയത്. കഴുത്തിനും കാലുകൾക്കും വെട്ടേറ്റാണ് സുനിൽദത്ത് മരിച്ചത്. കൊലപാതകത്തിനുശേഷം 50 മീറ്ററോളം ദൂരം പ്രതികൾ നടന്നുപോവുകയും പിന്നീട് സ്‌കൂട്ടറിൽ കയറി രക്ഷപ്പെടുകയുമായിരുന്നു.
ഇവർ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. മനുവിനെ സംഭവദിവസം രാത്രി പിടികൂടിയിരുന്നു. തുടർന്ന് പതിനാറുകാരനെയും പോലീസ് നിരീക്ഷണത്തിലാക്കി. ഷാനിയെ വെള്ളിയാഴ്ച രാത്രി വട്ടിയൂർക്കാവ് ഭാഗത്തുനിന്നു പിടികൂടി. 2017-ൽ വലിയതുറ പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകക്കേസിൽ അറസ്റ്റിലായ മനു പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയതാണെന്ന് പോലീസ് പറഞ്ഞു. ഈ കേസിന്റെ വിചാരണ നടക്കുകയാണ്. വട്ടിയൂർക്കാവ്, വിളപ്പിൽശാല സ്റ്റേഷനുകളിലും ഇയാൾക്കെതിരേ കേസുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.