വെമ്പായം: കന്യാകുളങ്ങര പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷം. രാത്രിയും പകലും കൂട്ടമായി എത്തുന്ന തെരുവുനായകളെ ഭയന്ന് ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കന്യാകുളങ്ങര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും സ്കൂൾ പരിസരത്തുമെല്ലാം തെരുവുനായകൾ കൂട്ടമായി പാർക്കുന്നത്, ആശുപത്രിയിൽ എത്തുന്ന രോഗികളെയും കുട്ടികളെയും പരിഭ്രാന്തയിലാക്കുന്നു. പരീക്ഷയ്ക്ക് പോകുന്ന സ്കൂൾ കുട്ടികളുടെ അവസ്ഥയും വിഭിന്നമല്ല. ഇരു ചക്ര വാഹന യാത്രികരെയും വഴി യാത്രക്കാരെയും ആക്രമിക്കാൻ ഓടുന്ന തെരുവ് നായ്ക്കളിൽ നിന്ന് പലപ്പോഴും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നത്.
വീടുകളിൽ കയറി കോഴികളെയും മറ്റു വളർത്തു ജീവികളെയും നായകൾ ആക്രമിക്കുന്നതായും പരാതികൾ ഉയരുന്നുണ്ട്. എന്നാൽ ജനപ്രതിനിധികളെ വിവരം അറിയിച്ചിട്ടും നടപടികൾ ഉണ്ടാകുന്നില്ലെന്നും പരിഹാരം കാണാൻ തയ്യാറകുന്നില്ലെന്നും ആക്ഷേപമുണ്ട്.