തിരുവനന്തപുരം: തനിമ കലാസാഹിത്യവേദി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ രണ്ടാമത് അമീർഹംസ സ്മാരക സർഗ്ഗപ്രതിഭ പുരസ്കാരത്തിന് പ്രിയ മാത്യുവിനെ തെരഞ്ഞെടുത്തു. ജില്ലയിലെ കലാസാംസ്കാരിക സാമൂഹ്യരംഗങ്ങളിലെ സജീവപ്രവർത്തകനും തനിമ കലാസാഹിത്യവേദി ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന അമീർഹംസയുടെ സ്മരണാർത്ഥം കലാ സാഹിത്യ സാംസ്കാരിക രംഗത്തെ വേറിട്ട വിദ്യാർത്ഥി പ്രതിഭക്കാണ് അമീർഹംസ സ്മാരക സർഗ്ഗപ്രതിഭ പുരസ്കാരം നൽകുന്നത്.
അക്കോണ്ട്രോപ്ലാസിയ എന്ന ജനിതക ശാരീരിക അവസ്ഥയെ അതിജീവിച്ച് പഠനത്തിലും കലാകായിക രംഗത്തും പ്രതിഭ തെളിയിച്ച വ്യക്തിയാണ് പ്രിയ മാത്യു. ഗ്ലാഡ് ബേക്സ് എന്ന വ്യവസായ സംരംഭത്തിൻ്റെ ഉടമയും പാരാ അത് ലറ്റിക് സംസ്ഥാന മീറ്റിലെ മെഡൽ ജേതാവുമാണ്. പത്തനംതിട്ട അടൂർ സ്വദേശിയായ പ്രിയ മാത്യു ഈ വർഷത്തെ കേരള സംസ്ഥാന യുവജന കമ്മീഷൻ്റെ യുവപ്രതിഭാ പുരസ്കാര ജേതാവ് കൂടിയാണ്.
അമീർ ഹംസ സ്മാരക സർഗപ്രതിഭാ പുരസ്കാരവിതരണം മാർച്ച് 22 ശനിയാഴ്ച തിരുവനന്തപുരം സത്യൻ സ്മാരകഹാളിൽ നടക്കുന്ന ചടങ്ങിൽ സിനിമനടനും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ വിതരണം ചെയ്യുമെന്ന് തനിമ കലാസാഹിത്യവേദി ജില്ലാപ്രസിഡൻറ് അമീർ കണ്ടൽ അറിയിച്ചു. ജനറൽ സെക്രട്ടറി അശ്കർ കബീർ, വിജയൻ കുഴിത്തുറ, മടവൂർ രാധാകൃഷ്ണൻ, മുബീന നസീർഖാൻ, മെഹബൂബ്ഖാൻ പൂവാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു