സേവനങ്ങൾ സ്മാർട്ടായാൽ മാത്രമെ കൃഷി ഭവൻ സ്മാർട്ടാകുവെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ചിറയൻകീഴ് നിയോജക മണ്ഡലത്തിലെ മംഗലപുരം കൃഷി ഭവൻ സ്മാർട്ടാക്കിയതിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷി ഭവനിലെ ഉദ്യോഗസ്ഥരെ ആവശ്യമുള്ളത് കൃഷിയിടത്തിലാണ്. പ്ലാന്റ് ഹെൽത്ത് ക്ലിനിക്, ബയോഫാർമസി തുടങ്ങിയ സേവനങ്ങൾ എല്ലാ സ്മാർട്ട് കൃഷി ഭവനുകളിലും നടപ്പിലാക്കണം.
കൃഷി വകുപ്പിന്റെ കതിർ ആപ്പിൽ എല്ലാ കർഷകരും രജിസ്റ്റർ ചെയ്യുന്നതിലൂടെ സേവനങ്ങൾ കർഷകർക്ക് അവരുടെ സ്മാർട്ട് ഫോണിലൂടെ ലഭ്യമാകും. ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തി കൃഷി ചെയ്യുന്നതിലൂടെ കേരളത്തിലെ കൃഷിയിടങ്ങളും സ്മാർട്ടാകും. മംഗലപുരം പഞ്ചായത്തിനെ തരിശുരഹിത പഞ്ചായത്താക്കി മാറ്റണം. അതിന്റെ ഭാഗമായി തരിശുഭൂമികളിൽ കൃഷി ചെയ്ത് കാർഷിക മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
കൃഷി ഭവനുകളിലെ സേവനങ്ങൾ യഥാസമയം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനും സേവന നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും, ആധുനികവൽക്കരിക്കുന്നതിനുമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പാക്കിവരുന്ന പദ്ധതിയാണ് സ്മാർട്ട് കൃഷിഭവൻ. അടിസ്ഥാന സൗകര്യവികസനത്തോടൊപ്പം ‘വിള ആരോഗ്യ കേന്ദ്രം’ സജ്ജീകരിച്ച് കർഷകർക്കുള്ള സേവനങ്ങൾ കൃത്യമായും കാര്യക്ഷമമായും ലഭ്യമാക്കാനും പ്രവർത്തനങ്ങളും ഇതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്.
കൃഷി വകുപ്പിന്റെയും മംഗലപുരം ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മംഗല പുരം കൃഷിഭവൻ സ്മാർട്ടാക്കിയത്. കൃഷി വകുപ്പിന്റെ 23 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് ഒരു ലക്ഷം രൂപയും വിനിയോഗിച്ചാണ് കൃഷി ഭവൻ സ്മാർട്ടാക്കിയത്.
കർഷകർക്ക് കൃത്യമായും കാര്യക്ഷമമായും സേവനങ്ങൾ നടപ്പാക്കാനാണ് സ്മാർട്ട് കൃഷിഭവനുകളെന്ന് വി ശശി എംഎൽഎ പറഞ്ഞു.
മംഗലപുരം സ്മാർട്ട് കൃഷിഭവൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎൽഎ.
മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, കൃഷി ഓഫീസർ ധന്യ റ്റി, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.