മുദാക്കൽ പഞ്ചായത്തിന് ഹരിത സമൃദ്ധി പ്രഖ്യാപനത്തോടെ പിരപ്പമൺകാട് കൊയ്ത്തുത്സവം

IMG-20250322-WA0019

രണ്ടുവർഷകാലത്തിനുള്ളിൽ പാടശേഖരത്തിൽ കാർഷിക മികവിന്റെയും സാംസ്കാരിക ഇടപെടലുകളുടെയും വിജയകഥകൾ രചിച്ച പിരപ്പമൺകാട് പാടശേഖരത്തിലെ ഇത്തവണത്തെ കൊയ്ത്തുത്സവം വേറിട്ട പരിപാടികളോടെ നടത്തപ്പെട്ടു. പാടശേഖരക്കരയിൽ ആൽമരച്ചുവട്ടിലെ യോഗത്തിൽ വച്ച് കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം നവകേരളം കർമ്മസമിതി സംസ്ഥാന കോഡിനേറ്റർ ഡോക്ടർ ടി എൻ സീമ നിർവഹിച്ചു. അതോടൊപ്പം മുദാക്കൽ ഗ്രാമപഞ്ചായത്തിന് സമ്പൂർണ്ണ ഹരിത സമൃദ്ധി സർട്ടിഫിക്കറ്റും പിരപ്പമൺകാട് പാടശേഖരത്തിന് ഹരിത ടൂറിസം മേഖലാ പ്രഖ്യാപന സർട്ടിഫിക്കറ്റും ചടങ്ങിൽ വച്ച് ടി എൻ സീമ കൈമാറി.

പാടശേഖരക്കരയിൽ സന്ദർശകർക്കായുള്ള ടേക്ക് എ ബ്രേക്ക് കെട്ടിട നിർമ്മാണത്തിനായി പഞ്ചായത്തിന്റെ പേരിൽ പിരപ്പമൺകാട് പാടശേഖരസമിതി വാങ്ങി നൽകിയ ഭൂമിയുടെ രേഖകൾ പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി, പാടശേഖരസമിതി സെക്രട്ടറി അൻഫാറിൽ നിന്നും ഏറ്റുവാങ്ങി . ഈ പ്രദേശത്തിന്റെ ടൂറിസം വികസന സാധ്യതകൾക്ക് കൈത്താങ്ങായി വയൽ നടുവിലെ റോഡിൽ തെരുവു വിളക്കുകൾ സ്ഥാപിക്കും എന്ന വി ശശി എംഎൽഎയുടെ പ്രഖ്യാപനവും, പിരപ്പമൺകാട് റൈസ് മില്ലിന് വേണ്ടി ബോയിലർ വാങ്ങി നൽകുമെന്ന ബ്ലോക്ക് പഞ്ചായത്തിന്റെ വാഗ്ദാനവും, “ടേക്ക് എ ബ്രേക്ക് ” പദ്ധതിക്കായി തുക വകയിരുത്തിയ ഗ്രാമപഞ്ചായത്തിന്റെ നടപടിയും പ്രദേശത്തിന്റെ കാർഷിക-ടൂറിസം വികസന സാധ്യതകൾക്ക് പകരുന്ന ആവേശം ചെറുതല്ല.

ജാതിമത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കുന്ന, നാട്ടിലെ വലിയ ഒരു സാംസ്കാരിക കൂട്ടായ്മയായ പാടശേഖര സൗഹൃദ സംഘവും, നാട്ടിലെ നേതാക്കളുടെ കൂട്ടായ്മയായ പാടശേഖര ഉപദേശക സമിതിയും ആണ് പിരപ്പമൺകാട് പാടശേഖര സമിതിയുടെ പ്രവർത്തനങ്ങളെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് .മതേതര കാഴ്ചപ്പാടിൽ സംഘടിപ്പിക്കപ്പെട്ട വയലോണം , വയൽ പാപ്പ എന്നിവയുടെ തുടർച്ചയായി വയലിഫ്താർ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടായ്മ.

ലോകജലദിനത്തിന്റെ ഭാഗമായി ഹരിത കേരളം മിഷൻ മാർച്ച് 24, 25 തീയതികളിൽ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന പരിസ്ഥിതി സംഗമത്തിൽ സംസ്ഥാനതല മികവ് അവതരണങ്ങളുടെ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെയും ക്ഷണിക്കപ്പെട്ടതിന്റെയും ആവേശത്തിലാണ് ഈ നാട് ഒന്നാകെ .

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ജയശ്രീ അധ്യക്ഷത വഹിച്ച യോഗത്തിൽ പാടശേഖരസമിതി പ്രസിഡന്റ് സാബു വി ആർ സ്വാഗതവും റിസപ്ഷൻ കൺവീനർ അനിൽകുമാർ കെ നന്ദിയും പറഞ്ഞു . കൃഷിവകുപ്പ് മന്ത്രിയുടെ സന്ദേശം സൗഹൃദ സംഘം ട്രഷറർ വിനോദ് വായിച്ച് അവതരിപ്പിച്ചു .

ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പൂവണത്തുംമൂട് മണികണ്ഠൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദുരാജ് ആർ പി , ഗ്രാമപഞ്ചായത്ത് മെമ്പർ
ഷൈനി വി , എക്കണോമിക്സ് ആൻഡ് സ്റ്റാറ്റസ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ അനീഷ് കുമാർ ബി, നവകേരളം കർമ്മപദ്ധതി പ്രോഗ്രാം ഓഫീസർ വി രാജേന്ദ്രൻ നായർ , കൃഷി ഓഫീസർ ലീന എൻ ,വില്ലേജ് ഓഫീസർ ഷാജഹാൻ ഇ , ഉപദേശക സമിതി അംഗങ്ങളായ ബി രാജീവ്, എസ് ശരൺകുമാർ , വിജു കോരാണി, ശിവപ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .

പാടശേഖരത്തിൽ സ്ഥിരമായി കൃഷി ചെയ്യുന്ന അവനവഞ്ചേരി ഹൈസ്കൂളിലെ എസ് പി സി കേഡറ്റുകളുടേയും, ഇടയ്ക്കോട് ഗവൺമെന്റ് എൽപിഎസിലെ കുട്ടികളുടേയും സാന്നിധ്യവും , കുട്ടികളുടെ കൃഷിപ്പാട്ടും ചടങ്ങിന് മിഴിവേകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!