ആറ്റിങ്ങലിൽ മുളക് പൊടി എറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയും യുവാവും അറസ്റ്റിൽ. കൊല്ലം പുള്ളിക്കട വടക്കുംഭാഗം സ്വദേശനി ലക്ഷ്മി(26), കൊല്ലം മയ്യനാട് സ്വദേശി സാലു( 26 )എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മാർച്ച് 19ന് രാവിലെ 10 മണിയോടെ ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിൽ അവനവഞ്ചേരി പോയിൻ്റ്‌മുക്ക് ജംഗ്ഷനിൽ വച്ച് ആറ്റിങ്ങൽ സ്വദേശിയായ 54 വയസുള്ള സ്ത്രീയുടെ കഴുത്തിൽ കിടന്ന മാല ആഡംബര കാറിൽ എത്തി കണ്ണിൽ മുളക് പൊടി എറിഞ്ഞ് പൊട്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണ് അറസ്റ്റിലായത്.
രാവിലെ ചന്തയിൽ പോയി സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോയ മോളി എന്ന സ്ത്രീയുടെ തൊട്ടടുത്ത് കാർ നിർത്തി കാറിലിരുന്ന ലക്ഷ്മി മോളിയോട് ആറ്റിങ്ങൽ പോകുന്ന വഴി ചോദിച്ച് സൗഹൃദസംഭാഷണം നടത്തി കൈയ്യിൽ കരുതിയിരുന്ന മുളക് പൊടി കണ്ണിലെറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും മുളക് പൊടി ലക്ഷ്മിയുടെ കണ്ണിലും മുളക് പൊടി വീണതിനാൽ മാല പൊട്ടിക്കാനുള്ള ശ്രമം വിജയിച്ചില്ല. തുടർന്ന് ആറ്റിങ്ങൽ മൂന്നുമുക്കിലൂടെ കാർ വേഗത്തിൽ ഓടിച്ച് ചിറയിൻകീഴ് വഴി കൊല്ലത്തേക്ക് പോവുകയായിരുന്നു.
വിവരം ലഭിച്ച പോലീസ് ഉപാസന ഠൗൺ ഹാൾ, ആറ്റിങ്ങൽ പരിസരങ്ങളിലെ നിരവധി സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് കാറുകളുടെ ഫോട്ടോകളെടുത്ത ശേഷം പരാതിക്കാരിയായ സ്ത്രീയെ കാണിക്കുകയായിരുന്നു. അപ്പോൾ മാരുതി സുസുക്കിയുടെ ഫ്രോൺക്സ് എന്ന വാഹനം ആകാൻ സാദ്ധ്യത ഉണ്ടെന്ന് പറയുകയും നീലനിറത്തിലുള്ള മാരുതി സുസുക്കിയുടെ ഫ്രോൺക്സ് വാഹനത്തെ കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുന്നൂറോളം വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് ആയവയുടെ ഉടമകളെ കേന്ദീകരിച്ച് അന്വേഷണം നടത്തി വരവെ കൊല്ലം ഇരവിപുരം പള്ളിമുക്ക് സ്വദേശിയിലേക്ക് അന്വേഷണം എത്തി.
ഇയാളോട് ചോദിച്ചതിൽ സുഹൃത്തിന് വേളാങ്കണ്ണിക്ക് പോകാനായി കാർ കൊണ്ടു പോയതാണെന്ന് പറയുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളിലേക്ക് എത്തിച്ചേരുകയുമായിരുന്നു. അറസ്റ്റിലായ ലക്ഷ്മിയുടെ അമ്മ ഗൾഫ് രാജ്യമായ ഒമാനിൽ വരുത്തി വച്ച സാമ്പത്തിക ബാദ്ധ്യത തീർക്കാൻ സുഹൃത്തായ സാലുവും ചേർന്ന് കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നു.അറസ്റ്റിലായ സാലുവിന് കൊട്ടിയം പോലീസ് സ്റ്റേഷനിൽ അടിപിടി കേസുകൾ നിലവിലുണ്ട്.
ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാലിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്എച്ച്ഒ ഗോപകുമാർ. ജി, എസ് ഐ മാരായ ജിഷ്ണു എം.എസ്, ഉത്തരേന്ദ്രനാഥ്, എ എസ് ഐ മാരായ ജിഹാനിൽ ഹക്കിം, രേഖ എം.എസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികൾ കൃത്യത്തിനുപയോഗിച്ച വാഹനവും മുളക് പൊടിയും പോലീസ് കണ്ടെടുത്തു.