ചിറയിൻകീഴ് : കഴിഞ്ഞ വർഷം ഡിസംബറിൽ ചിറയിൻകീഴിൽ 127 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെ ബാംഗ്ലൂരിൽ നിന്നും കേരളാ പോലീസ് പിടികൂടി. പത്തനംതിട്ട കരിമ്പാനക്കുഴിയിൽ പനച്ചകുഴി കുറന്തറ വീട്ടിൽ അലൻ ഫിലിപ്പ്( 25) ആണ് പിടിയിലായത്. ലഹരിക്കെതിരെ കേരള പോലീസ് നടത്തിവരുന്ന “ഓപ്പറേഷൻ ഡി ഹൻഡിന്റെ” ഭാഗമായി നടത്തിയ അന്വേഷണത്തിൽ ആണ് ഇയാളും ഇപ്പോൾ പിടിയിൽ ആയത്.
ചിറയിൻകീഴ് പോലീസ് ഇൻസ്‌പെക്ടർ വി എസ് വിനീഷ്, ഡാൻസാഫ് സബ്ബ് ഇൻസ്‌പെക്ടർ ബി. ദിലീപ് സിവിൽ പോലീസ് ഉദ്യോഗസ്ഥർ ആയ സുനിൽരാജ്, വിഷ്ണു എന്നിവർ ബാംഗ്ലൂർ എത്തിയാണ് പ്രതിയെ പിടികൂടിയത്. 2024 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അന്ന് 127 ഗ്രാം എംഡിഎംഎ യുമായി മൂന്ന് പ്രതികളെ ടാൻസാഫും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. അവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പഴുതടച്ച അന്വേഷണത്തിലൂടെ ആണ് ഇയാളെ ഇപ്പോൾ ബാംഗ്ലൂർ നിന്നും പിടികൂടിയത്.
ഇപ്പോൾ അറസ്റ്റിലായ പ്രതി അലൻ ബാംഗ്ലൂരിൽ സ്ഥിര താമസമാക്കി കേരളത്തിലേക്കും തമിഴ് നാട്ടിലേക്കും എംഡിഎംഎ സപ്ലൈ ചെയ്യുന്നതിലെ പ്രധാനിയാണ്. ലഹരി കടത്തുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ തമിഴ് നാട്ടിലും കേസ്സ് നിലവിൽ ഉണ്ട്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കെ എസ്സ് സുദർശനൻ ഐ പി എസ്സിന്റെ നിർദ്ദേശാനുസരണം നർക്കോട്ടിക്ക് സെൽ ഡി വൈ എസ്സ് പി കെ. പ്രദീപ് ആറ്റിങ്ങൽ ഡി വൈ എസ്സ് പി മഞ്ജുലാൽ എന്നിവരുടെ നേതൃത്വത്തിൽ അതിശക്തമായ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആണ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് നടപ്പിലാക്കി വരുന്നത്.
ചിറയിന്‍കീഴിൽ വന്‍ ലഹരി മരുന്ന് വേട്ട, വിദ്യാർത്ഥി അടക്കം മൂന്ന് പേര്‍ പിടിയില്‍